ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മല്‍സരത്തില്‍ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ 388 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യയ്‌ക്ക് 299 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. എന്നാല്‍ ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാതെ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങി. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ ഒരു റണ്‍സെടുത്തിട്ടുണ്ട്. 

ആറിന് 322 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ബംഗ്ലാദേശ് 388 റണ്‍സിന് പുറത്താകുകയായിരുന്നു. മുഷ്‌ഫിഖര്‍ റഹ്മാന്റെ സെഞ്ച്വറിയായിരുന്നു ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ സവിശേഷത. 235 പന്തില്‍ സെഞ്ച്വറി തികച്ച റഹ്മാന്‍ 127 റണ്‍സെടുത്താണ് പുറത്തായത്. 16 ബൗണ്ടറികളും രണ്ടു സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു മുഷ്ഫിഖര്‍ റഹ്മാന്റെ ഇന്നിംഗ്സ്. 

ഇന്ത്യയ്‌ക്കു വേണ്ടി ഉമേഷ് യാദവ് മൂന്നു വിക്കറ്റ് സ്വന്തമാക്കി. ആര്‍ അശ്വിന്‍, രവീന്ദ്രജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.