ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മല്‍സരത്തില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതുന്നു. ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 687ന് എതിരെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 322 എന്ന നിലയിലാണ് ബംഗ്ലാദേശ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ബംഗ്ലാദേശിന് ഇനി 165 റണ്‍സ് കൂടി വേണം. ഇപ്പോള്‍ 365 റണ്‍സിന്റെ ലീഡ് ഇന്ത്യയ്‌ക്ക് ഉണ്ട്. ബാറ്റിങിനെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ ഷാക്കിബ് അല്‍ ഹസന്‍(82), മുഷ്‌ഫിഖര്‍ റഹ്മാന്‍(പുറത്താകാതെ 81), മെഹ്ദി ഹസന്‍ മിറാസ്(പുറത്താകാതെ 51) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഫോളോ ഓണ്‍ ഒഴിവാക്കാനുള്ള പോരാട്ടത്തില്‍ മുഷ്‌ഫിഖര്‍ റഹ്മാന്‍ - മെഹ്ദി ഹസന്‍ മിറാസ് കൂട്ടുകെട്ടിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ പുറത്താകാതെ 87 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ നാലിന് 109 എന്ന നിലയില്‍ പരുങ്ങിയ ബംഗ്ലാദേശിനെ ഷാകിബ് അല്‍ ഹസനും മുഷ്‌ഫിഖര്‍ റഹ്മാനും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 107 റണ്‍സാണ് കരകയറ്റിയത്. 103 പന്തില്‍ 14 ബൗണ്ടറികള്‍ ഉള്‍പ്പടെയാണ് ഷാകിബ് 82 റണ്‍സെടുത്തത്. 206 പന്തില്‍ 12 ബൗണ്ടറി ഉള്‍പ്പടെയാണ് മുഷ്‌ഫിഖര്‍ 81 റണ്‍സ് നേടിയത്. ഇന്ത്യയ്‌ക്കുവേണ്ടി ഉമേഷ് യാദവ് രണ്ടു വിക്കറ്റെടുത്തു. ഇഷാന്ത് ശര്‍മ്മ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.