ഫൈനലിലെ താരമായി റുമാനയയെും ടൂര്‍ണമെന്‍റിലെ താരമായി ഹര്‍മന്‍ പ്രീതിനെയും തിരഞ്ഞെടുത്തു നാല് ഓവറില്‍ 9 റണ്‍സ് വിട്ടു നല്‍കി പൂനം യാദവ് 4 വിക്കറ്റ് വീഴ്ത്തി
ക്വലാലംപൂര്: ഇന്ത്യന് പെണ്പുലികളുടെ പോരാട്ടവീര്യത്തെ മറികടന്ന് ബംഗ്ലാദേശ് ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി. ഇതാദ്യാമായാണ് ബംഗ്ലാദേശ് വനിതകള് ഏഷ്യ കപ്പ് കിരീടത്തില് മുത്തമിട്ടത്. ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവില് അവസാന പന്തില് മൂന്ന് വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശ് പിടിച്ചെടുത്തത്.
ഇന്ത്യ ഉയര്ത്തിയ 113 റണ്സ് വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തുവരെ ആവേശം നിലനിര്ത്തി. ഓപ്പണിംഗ് വിക്കറ്റില് കരുത്തുകാട്ടിയ ബംഗ്ലാപടയെ പൂനം യാദവ് പിടിച്ചുകെട്ടിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലാകുമെന്ന് ഏവരും കരുതി. 35 റണ്സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തിയര്ത്തിയ ബംഗ്ലാദേശിന്റെ ഓപ്പണര്മാരെ പൂനം അടുത്തടുത്ത പന്തുകളില് കൂടാരം കയറ്റി. 20 റണ്സ് കൂടി കഴിഞ്ഞപ്പോള് മൂന്നാം വിക്കറ്റും പൂനം വീഴ്ത്തി.
എന്നാല് അവസാന ഓവറുകളില് സമ്മര്ദ്ദമില്ലാതെ കളിച്ച ബംഗ്ലാദേശിന്റെ മധ്യനിര ഇന്ത്യന് വിജയം തട്ടിത്തെറിപ്പിക്കുകയായിരുന്നു. അവസാന മൂന്നോവറില് 23 റണ്സ് അടിച്ചെടുത്താണ് അവര് കിരീടം സ്വന്തമാക്കിയത്. അവസാന ഓവറില് 9 റണ്സ് വിജയലക്ഷ്യം ഹര്മന് പ്രീതിന് പ്രതിരോധിക്കാനായില്ല. ആദ്യ മൂന്ന് പന്തുകളില് ആറ് റണ്സ് നേടിയതോടെ ലക്ഷ്യം മൂന്ന് പന്തില് മൂന്ന് റണ്സായി മാറി. നാലാം പന്തില് വിക്കറ്റ് വീണെങ്കിലും അഞ്ചാം പന്തില് ഒരു റണ്സ് നേടിയതോടെ മത്സരം ആവേശകരമായി. എന്നാല് അവസാന പന്തില് രണ്ട് റണ്സ് ബംഗ്ലാദേശ് നേടിയതോടെ ഇന്ത്യന് പ്രതീക്ഷകള് അസ്തമിച്ചു.
നാല് ഓവറില് 9 റണ്സ് വിട്ടു നല്കി 4 വിക്കറ്റ് വീഴ്ത്തിയ പൂനം യാദവ് മികച്ചുനിന്നെങ്കിലും മറ്റുള്ളവര് പ്രതീക്ഷയ്ക്കൊത്തുയര്ന്നില്ല. ഹര്മന് പ്രീത് രണ്ട് ഓവറില് 2 വിക്കറ്റ് വീഴ്ത്തിയെങ്കിലും 19 റണ്സ് വിട്ടുകൊടുത്തത് തിരിച്ചടിയായി. 27 റണ്സ് നേടിയ നിഗര് സുല്ത്താനയും 23 റണ്സ് നേടിയ റുമാനയും ചേര്ന്നാണ് ബംഗ്ലാദേശിന്റെ വീരചരിതമെഴുതിയത്.
നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഇരുപതോവറില് ഇന്ത്യയെ 112 റണ്സിന് പിടിച്ചുകെട്ടി. 56 റണ്സ് നേടിയ ഹര്മന് പ്രീത് മാത്രമാണ് ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം നടത്തിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഖദീജയും റുമാനയുമാണ് തിളങ്ങിയത്. ഫൈനലിലെ താരമായി റുമാനയയെും ടൂര്ണമെന്റിലെ താരമായി ഹര്മന് പ്രീതിനെയും തിരഞ്ഞെടുത്തു.
