മാഡ്രിഡ്: സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിനെ തളച്ച് ബാഴ്‌സലോണ. റയല്‍ മാഡ്രിഡ് തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യുവില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സലോണയുടെ വിജയം. ബാഴ്സക്കായി 53-ാം മിനുറ്റില്‍ സുവാരസും 63-ാം മിനുറ്റില്‍ ലിയോണല്‍ മെസിയും ഗോളുകള്‍ നേടി. ഇഞ്ചുറി ടൈമില്‍ അലക്സ് വിദാലിലൂടെയായിരുന്നു മൂന്നാം ഗോള്‍.

സെര്‍ജി റോബര്‍ട്ടോയുടെ മനോഹര പാസില്‍ നിന്നായിരുന്നു സുവാരസിന്‍റെ ആദ്യ ഗോള്‍. 63-ാം മിനുറ്റില്‍ റയല്‍ ബോക്സിനകത്ത് പന്ത് കൈകൊണ്ട് തട്ടിയതിന് റയലിന്‍റെ കര്‍വാജല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. തുടര്‍ന്ന് റഫറി വിധിച്ച പെനാള്‍ട്ടിയാവട്ടെ മെസി മനോഹരമായി വലയിലാക്കി. കര്‍വാജല്‍ പുറത്തുപോയതിനാല്‍ പത്ത് പേരുമായാണ് പിന്നീട് റയല്‍ കളിച്ചത്.

ആദ്യ പകുതിയില്‍ റയല്‍ മാഡ്രിഡ് മുന്‍തൂക്കം നേടിയെങ്കിലും രണ്ടാം പകുതിയില്‍ ഗോള്‍മഴ തീര്‍ത്ത് ബാഴ്സലോണ തിരിച്ചടിക്കുകയായിരുന്നു. തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗില്‍ പരുങ്ങലിലായി നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോയും ബെന്‍സിമയും നിറംമങ്ങിയപ്പോള്‍ റയല്‍ മാഡ്രിഡ് മത്സരത്തില്‍ ഗോള്‍ കണ്ടെത്താന്‍ വിഷമിച്ചു.

വിസില്‍ മുഴങ്ങി രണ്ടാം മിനുറ്റില്‍ റൊണാള്‍ഡോ ബാഴ്സയെ ഞെട്ടിച്ച് വലകുലുക്കി. എന്നാല്‍ റഫറി ഓഫ് സൈഡ് വിളിച്ചതോടെ ബെര്‍ണബ്യു നിശബ്ധമായി. പിന്നീടും മികച്ച നീക്കങ്ങളുമായി റയല്‍ ബാഴ്സിലോണ ഗോള്‍മുഖത്തേക്ക് കുതിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. പതിവില്‍ നിന്നും വ്യത്യസ്തമായി ബാഴ്സിലോണ താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ ആദ്യ പകുതി ഗോള്‍രഹിതമായി. 

30-ാം മിനുറ്റില്‍ മെസിയുടെ പാസില്‍ നിന്ന് ഫിനിഷ് ചെയ്യാനുള്ള പൗളീഞ്ഞോയുടെ ശ്രമം റയല്‍ ഗോളി നവാസ് തട്ടിയകറ്റി. 35-ാം മിനുറ്റില്‍ ക്രിസ്റ്റ്യാനോ നല്‍കിയ ക്രോസ് കരിം ബെന്‍സിമയ്ക്ക് മുതലാക്കാനായില്ല. 39-ാം മിനുറ്റില്‍ പൗളീഞ്ഞോ റയല്‍ ഗോള്‍മുഖത്തേക്ക് തെടുത്തുവിട്ട ഹെഡറും ലക്ഷ്യം കണ്ടില്ല. മധ്യനിരയില്‍ ലൂക്കോ മോഡ്രിച്ചിന്‍റെ തന്ത്രങ്ങളാണ് റയലിന് ആദ്യ പകുതിയില്‍ മുന്‍തൂക്കം നല്‍കിയത്. 

ബെര്‍ണാബ്യുവില്‍ രണ്ടാം പകുതിയുടെ തുടക്കവും റയലിന്‍റെ ആക്രമണത്തോടെയായിരുന്നു. 53-ാം മിനുറ്റില്‍ ലീഡ് സ്വന്തമാക്കിതോടെ തുടരെ ആക്രമം അഴിച്ചുവിട്ട് മെസി- സുവാരസ്- പൗളീഞ്ഞോ സഖ്യം റയലിനെ പ്രതിരോധത്തിലാക്കി. ഇഞ്ചുറി ടൈമില്‍ വിദാല്‍ ഗോള്‍ കണ്ടെത്തിയതോടെ ബാഴ്സ മത്സരം പൂര്‍ണ്ണമായും വരുതിയിലാക്കി. മറുവശത്ത് ഗോളി കെയ്‌ലര്‍ നവാസാണ് കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് റയലിനെ കാത്തത്.

അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ തിരിച്ചടിക്കാനുള്ള റയലിന്‍റെ ശ്രമങ്ങള്‍ വിജയിക്കാതെ വന്നു. ലൂക്കോ മോഡ്രിച്ചിന്‍റെ നേതൃത്വത്തില്‍ മധ്യനിര നന്നായി പന്തെത്തിച്ചെങ്കിലും ഫിനിഷ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ഫോമിലല്ലാത്ത കരീം ബെന്‍സിമയെ പരിശീലകന്‍ സിനദീന്‍ സിദാന്‍ ഇടയ്ക്ക് പിന്‍വലിച്ചു. പകരക്കാരായെത്തിയ യുവതാരം അസെന്‍സിയോയ്ക്കും ഗാരക് ബെയ്‌ലിനും അവസരം മുതലാക്കാനും കഴിഞ്ഞില്ല.