ദില്ലി: ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കൂറിനെതിരേ രൂക്ഷ വിർശനവുമായി സുപ്രീം കോടതി. അനുരാഗ് ഠാക്കൂർ കോടതിയിൽ കള്ളം പറഞ്ഞുവെന്നും. ഇത് തെളിയിക്കപ്പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നൽകി. ബിസിസിഐയുടെ നിലവിലെ ഭരണ സമിതിക്ക് പകരം പുതിയ സമിതിയെ നിയമിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പുതിയ പാനൽ അംഗങ്ങളെ നിയമിക്കാൻ കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചു. അനുരാഗ് ഠാക്കൂറിനെ ബിസിസിഐ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.
ബി.സി.സി.ഐയെ നിരീക്ഷിക്കാൻ ജി.കെ പിള്ളയുടെ നേതൃത്വത്തിൽ ഒറു സമിതി സ്ഥാപിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് ബി.സി.സി.ഐ പ്രതികരിച്ചു. പിള്ളക്കെതിരായി നിരവധി ആരോപണങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി. അതേസമയം, തെറ്റായ സത്യവാങ്മൂലം നല്‍കിയ സംഭവത്തില്‍ അനുരാഗ് ഠാക്കൂര്‍ കോടതിയില്‍ നിരുപാധികം മാപ്പു പറയാന്‍ തയാറാണെന്ന് ബിസിസിഐക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി.
ലോധ കമ്മിറ്റി ശുപാർശകളുമായി ബന്ധപ്പെട്ട് ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സണുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ഒരു സ്വകാര്യ സത്യവാങ്മൂലത്തിൽ ഫയൽ ചെയ്യാൻ ഠാക്കൂറിനോട് കഴിഞ്ഞ ഒക്ടോബറിൽ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദം കേൾക്കവേയാണ് സുപ്രിംകോടതി നിശിതവിമർശം ഉന്നയിച്ചത്. ഇതിൽ അനുരാഗ് ഠാക്കൂർ ഫയൽ ചെയ്ത സത്യവാങ്മൂലം കൃതിമം നിറഞ്ഞതാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
