മുംബൈ: ശ്രീശാന്തിന് അനുകൂലമായ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാന്‍ ബിസിസിഐയില്‍ ധാരണയായതായി സൂചന. ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുടെ റിപ്പോര്‍ട്ടിന് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് ബിസിസിഐ ഇടക്കാല ഭരണസമിതി അംഗം ഡയാന എഡുല്‍ജി ഇന്നലെ പറഞ്ഞത്. എന്നാല്‍ വിനോദ് റായിയുമായുള്ള കൂടിക്കാഴ്ചയില്‍ ശ്രീശാന്തിനെതിരായ നിലപാട് ബിസിസിഐ ഭാരവാഹികള്‍ സ്വീകരിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

ഉത്തരവിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയെ തന്നെ ആദ്യം സമീപിച്ചേക്കും. ബിസിസിഐയുടെ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശ്രീശാന്തിനെ കളിക്കാന്‍ അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ബോര്‍ഡ് നേതൃത്വം വാദിച്ചു. ഈ വിഷയത്തില്‍ ഇടപെടരുതെന്ന് വിനോദ് റായിയോട് ബിസിസിഐ നേതൃത്വം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

കൂടിക്കാഴ്ചക്കിടെ ശ്രീശാന്തിനെ കുറിച്ച് വിനോദ് റായി പിന്നീടൊന്നും ചോദിച്ചില്ലെന്നും ഒരു ബിസിസിഐ ഉന്നതന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഹര്‍ഷാ ഭോഗ് ലെ, ര്‍സുനില്‍ ഗാവ്സകര്‍, സഞ്ജയ് മഞ്ജരേക്കര്‍, മുരളി കാര്‍ത്തിക്ക് എന്നിവരെ അടുത്ത സീസണിലെ ബിസിസിഐ കമന്‍റേറ്റര്‍മാരായി തെരഞ്ഞെടുത്തു. കമന്ററിക്കിടെ ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ചെന്ന എം എസ് ധോണിയുടെ പരാതിക്ക് പിന്നാലെ ലോക ട്വന്‍റി20ക്ക് ശേഷം ഭോഗ്‍ലെയെ ബിസിസിഐ ഒഴിവാക്കിയിരുന്നു.

സോണി സംപ്രേഷണം ചെയ്യുന്ന പരമ്പരകളില്‍ മാത്രമാണ് ക്രിക്കറ്റ് ആരാധകരുടെ പ്രിയ കമന്റേറ്റര്‍ ആയ ഭോഗ്‍‍ലെക്ക് കഴിഞ്ഞ സീസണില്‍ അവസരം ലഭിച്ചത്.
കളിക്കാരുടെ പരസ്യകരാറുകള്‍ അടക്കം തീരുമാനിക്കുന്ന ഏജന്‍സികളുമായുള്ള ബന്ധം ഉപേകഷിച്ചാല്‍ മാത്രമേ ഗാവസ്കറിനെ കമന്‍റേറ്റര്‍ ആക്കൂവെന്നും വിനോദ് റായ് വ്യക്തമാക്കിയിരുന്നു.