ഇത് രണ്ടാം തവണയാണ് കോലി ഖേല്‍രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യപ്പടുന്നത്

മുംബൈ: ഐപിഎല്ലില്‍ പിഴശിക്ഷ ലഭിച്ചതിന് പിന്നാലെ ബംഗലൂരു നായകന്‍ വിരാട് കോലിക്ക് സന്തോഷവാര്‍ത്ത. കോലിയെ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ബിസിസിഐ ശുപാര്‍ശ ചെയ്തു. അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യ ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡിനെ ദ്രോണാചാര്യം പുരസ്കാരത്തിനും മുന്‍ നായകന്‍ സുനില്‍ ഗവാസ്കറെ ധ്യാന്‍ചന്ദ് പുരസ്കാരത്തിനും ബിസിസിഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് കോലി ഖേല്‍രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യപ്പടുന്നത്. 2016ലെ കോലിയെ ഖേല്‍രത്നയ്ക്ക് ബിസിസിഐ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും അന്ന് ഒളിംപിക്സില്‍ തിളങ്ങിയ പി.വി.സിന്ധുവിനും സാക്ഷി മാലിക്കിനും ദിപാ കര്‍മാക്കറിനുമാണ് കായിക മന്ത്രാലയം അവാര്‍ഡ് സമ്മാനിച്ചത്.

ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുമാണ് കോലി. 2013ല്‍ കോലിക്ക് അര്‍ജ്ജുന അവാര്‍ഡും 2017ല്‍ പത്മശ്രീയും ലഭിച്ചിട്ടുണ്ട്.