അന്നത്തെ ബിസിസിഐ പ്രസിഡന്റ് ആയിരുന്ന എൻ. ശ്രീനിവാസൻ പുലർച്ചെ മൂന്നിന് തനിക്ക് ഇക്കാര്യം സൂചിപ്പിച്ച് സന്ദേശം അയച്ചതായി ബ്രാവോ പറഞ്ഞു
ബാർബഡോസ്: ബിസിസിഐ വിന്‍ഡീസ് താരങ്ങളുടെ പ്രതിഫലം നല്‍കാമെന്ന് ഏറ്റെന്ന് വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റൻ ഡ്വെയ്ൻ ബ്രാവോയുടെ വെളിപ്പെടുത്തൽ. 2014ൽ ഇന്ത്യൻ പര്യടനം നടത്തവെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡുമായി കരാർ പ്രശ്നത്തിന്റെ പേരിൽ മത്സരം ഉപേക്ഷിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചപ്പോളാണ് പണം വാഗ്ദാനം ചെയ്തതെന്ന് ബ്രാവോ വ്യക്തമാക്കി.
അന്നത്തെ ബിസിസിഐ പ്രസിഡന്റ് ആയിരുന്ന എൻ. ശ്രീനിവാസൻ പുലർച്ചെ മൂന്നിന് തനിക്ക് ഇക്കാര്യം സൂചിപ്പിച്ച് സന്ദേശം അയച്ചതായി ബ്രാവോ പറഞ്ഞു. ആദ്യ രണ്ടു ഏകദിനങ്ങളും ബഹിഷ്കരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്മാറി. എന്നാൽ നാലാം ഏകദിനത്തിൽ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ ടീം ഉറച്ചു നിൽക്കുകയായിരുന്നെന്നും ട്രിനിഡാഡ് ആന്റ് ടുബോഗോയിലെ ഒരു എഫ്എമ്മിന് നല്കിയ അഭിമുഖത്തിൽ ബ്രാവോ വെളിപ്പെടുത്തി.
ബിസിസിഐ വാഗ്ദാനം ചെയ്ത പണം ഞങ്ങള്‍ക്ക് ആവശ്യമില്ലായിരുന്നു. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് കരാര്‍ പുതുക്കി ലഭിക്കുകയായിരുന്നു ഞങ്ങളുടെ ആവശ്യം. ബിസിസിഐ തങ്ങളുടെ പ്രശ്നം മനസിലാക്കിയെന്നും അതിൻപ്രകാരമാണ് പരമ്പര നടന്നതെന്നും അഭിമുഖത്തില്‍ ബ്രാവോ പറഞ്ഞു.
