ദില്ലി: സുപ്രീംകോടതി നിയമിച്ച വിനോദ് റായി മേധാവിയായ ബിസിസിഐ ക്രിക്കറ്റ് ഭരണസമിതിലെ അംഗമായിരുന്നു എഴുത്തുകാരന്‍ രമചന്ദ്ര ഗുഹ. എന്നാല്‍ പിന്നീട് അദ്ദേഹം ഈ സമിതിയില്‍ നിന്നും രാജിവച്ചു. വീരാട് കോലിക്കെതിരെ പുതിയ പരാമര്‍ശങ്ങളുമായി എത്തിയിരിക്കുകയാണ് ഗുഹ ഇപ്പോള്‍. ദി ടെലിഗ്രാഫ് പത്രത്തില്‍ എഴുതിയ കോളത്തിലാണ് ഇദ്ദേഹത്തിന്‍റെ വെളിപ്പെടുത്തലുകള്‍.

കേന്ദ്ര മന്ത്രിസഭയില്‍ എങ്ങനെ മോദിയെ പൂജിക്കുന്നുവോ അത് പോലെ ബിസിസിഐ കോലിയെ പൂജിക്കുകയാണ്. കോലി തെറ്റ് ചെയ്താല്‍ പോലും കണ്ണുംപൂട്ടി അനുകൂലിക്കുന്ന നിലപാടാണ് ബിസിസിഐ നടത്തുന്നത്. സുപ്രീംകോടതി നിയമിച്ച സമിതിയില്‍ നാലുമാസത്തെ പ്രവര്‍ത്തനം കൊണ്ട് തന്നെ തനിക്ക് അത് മനസിലായതാണെന്ന് ഗുഹ പറയുന്നു. 

ബിസിസിഐ കോലിയില്‍ കൊടുക്കുന്ന ശ്രദ്ധയും പരിഗണനയും ഭാവിയിലേക്കുള്ള മത്സരങ്ങള്‍ക്കും, ദേശീയ ക്രിക്കറ്റ് അക്കാദമിക്കും നല്‍കണം. അഴിമതിയും സ്വജനപക്ഷപാതവും പോലെ ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിച്ച ഒരു രോഗമാണ് സൂപ്പര്‍സ്റ്റാര്‍ സിന്‍ട്രോം എന്നും ഗുഹ പറയുന്നു.