ബംഗാള്‍ പേസര്‍ മുഹമ്മദ് ഷമി രണ്ട് ഇന്നിംഗ്സിലും 15 ഓവര്‍ വീതം എറിഞ്ഞാല്‍ മതിയെന്ന് ബിസിസിഐ. ഇന്ത്യയുടെ ഓസീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലുള്ള ഷമിയുടെ...

കൊല്‍ക്കത്ത: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കാന്‍ ബംഗാള്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ അനുമതി. എന്നാല്‍ രണ്ട് ഇന്നിംഗ്സിലും 15 ഓവര്‍ വീതം എറിഞ്ഞാല്‍ മതിയെന്ന് ബിസിസിഐ നിര്‍ദേശിച്ചു. ഇന്ത്യയുടെ ഓസീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലുള്ള ഷമിയുടെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിനായാണ് ബിസിസിഐയുടെ ഈ നിര്‍ദേശം.

മറ്റ് ചില നിബന്ധനകളും ഷമിക്ക് മേല്‍ ബിസിസിഐ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നിലധികം ഓവര്‍ എറിയുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഷമിയുടെ ഫിറ്റ്‌നസ് റിപ്പോര്‍ട്ടും വര്‍ക്ക് ലോഡ് റിപ്പോര്‍ട്ടും എല്ലാ ദിവസവുംകളി കഴിഞ്ഞ് സമര്‍പ്പിക്കാന്‍ ബംഗാള്‍ ക്രിക്കറ്റ് മാനേജ്മെന്‍റിനോടും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശങ്ങളോടും ബംഗാള്‍ ക്രിക്കറ്റ് ഘടകത്തിന് അനുകൂല നിലപാടാണ്.

ഇടവേളക്ക് ശേഷം ബംഗാള്‍ ടീമിലേക്കുള്ള ഷമിയുടെ തിരിച്ചുവരവ് നായകന്‍ മനോജ് തിവാരി സ്വാഗതം ചെയ്തു. ദേശീയ കുപ്പായത്തിലുള്ള മത്സരങ്ങള്‍ക്കുള്ള മത്സരങ്ങള്‍ക്കാണ് പ്രഥമ പരിഗണന. ബിസിസിഐ നിര്‍ദേശങ്ങളെ ബഹുമാനിക്കുന്നു. ഷമിക്ക് മികവ് കാട്ടാന്‍ 15 ഓവര്‍ ധാരാളമാണെന്നും ബംഗാള്‍ നായകന്‍ പറഞ്ഞു. വെള്ളിയാഴ്‌ച്ച പ്രഖ്യാപിച്ച 16 അംഗ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.