ബംഗളൂരു: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പടയെ വെല്ലാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അത് ബംഗളൂരവിന്റെ സ്വന്തം വെസ്റ്റ്ബ്ലോക്ക് ബ്ലൂസാണ്. ബ്ലാസ്റ്റേഴ്സിനെപ്പോലെ ഉറച്ച ആരാധക പിന്തുണയാണ് ബംഗളൂരു എഫ് സിയുടെയും പ്രധാന കരുത്ത്.

ഇന്ത്യയിൽ പ്രൊഫഷണൽ ആരാധകക്കൂട്ടത്തിന് തുടക്കമിട്ടതും ബംഗളൂരു ആയിരുന്നു. വെസ്റ്റ്ബ്ലോക്ക് ബ്ലൂസ് എന്ന പേരില്‍. ശ്രീകണ്ഠീരവ സ്റ്റേഡിയത്തെ നീലക്കടലാക്കുന്ന, ബെംഗലൂരു എഫ് സി താരങ്ങളുടെ കാലുകൾക്ക് നിലയ്ക്കാത്ത ഊ‍ർജം പകരുന്ന ആരാധകക്കൂട്ടം. കളത്തിനകത്തും പുറത്തും ഇവരാണ് ബിഎഫ്സിയുടെ കരുത്ത്.

കൊൽക്കത്ത, കൊച്ചി തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് ഫുട്ബോളിന് താരതമ്യേന വേരോട്ടം കുറഞ്ഞ ബെംഗളൂരുവിൽ ഇങ്ങനെയൊരു ആരാധകക്കൂട്ടത്തെ വളർത്തിയെടുക്കുകയായിരുന്നു ടീം മാനേജ്മെന്‍റ്. ഇതുകൊണ്ടുതന്നെ ആരാധകരും കളിക്കാരും തമ്മിലുള്ള ബന്ധവും സുദൃഢം.

കേരള ബ്ലാസ്റ്റേഴ്സുമായി ബിഎഫ്സി ഏറ്റുമുട്ടുമ്പോൾ കളിത്തട്ടിൽ മാത്രമായിരിക്കില്ല കൊമ്പുകോർക്കൽ. ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞപ്പടയുടെയും വെസ്റ്റ്ബ്ലോക്ക് ബ്ലൂസിന്‍റെയും കരുത്തിന്‍റെ മാറ്റുരയ്ക്കൽ കൂടിയായിരിക്കും.