മുംബൈ: സഹീര്‍ ഖാനെ ഇന്ത്യയുടെ ബൗളിംഗ് ഉപദേശകനായി നിയമിച്ച ഉപദേശക സമിതി തീരുമാനം തള്ളിക്കളഞ്ഞ് ഭരത് അരുണിനെത്തന്നെ ഇന്ത്യയുടെ ബൗളിംഗ് കോച്ചായി ബിസിസിഐ നിയമിച്ചു. ഇന്ത്യന്‍ പരിശീലകനായി നിയമിക്കപ്പെട്ട രവി ശാസ്ത്രിയും ബിസിസിഐ നിയോഗിച്ച നാലംഗ സമിതിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ശാസ്ത്രിയുടെ ആഗ്രഹപ്രകാരം ഭരത് അരുണിനെതന്നെ ബൗളിംഗ് കോച്ചായി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

സഞ്ജയ് ബംഗാര്‍ അസിസ്റ്റ്ന്റ് കോച്ചായും ആര്‍ ശ്രീധറിനെ ഫീല്‍ഡീംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്. ശാസ്ത്രി ഇന്ത്യന്‍ ടിം ഡയറക്ടറായിരുന്ന 2014 മുതല്‍ 2016വരെയുള്ള കാലയളവിലും ശ്രീധര്‍ തന്നെയായിരുന്നു ഫീല്‍ഡിംഗ് കോച്ച്. ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചതോടെ സഹീറിന്റെയും ശാസ്ത്രിയുടെയും സേവനം ഉപദശേകര്‍ എന്ന നിലയില്‍ ഒതുങ്ങും.

സഹീറുമായും ദ്രാവിഡുമായും കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിച്ചിരുന്നുവെന്നും ഇരുവരുടെയും ഉപദേശങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ശാസ്ത്രി പറഞ്ഞു. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി, ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന, ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി, ഇടക്കാല ഭരണസിമിതി അംഗമായ ഡയാന എഡുല്‍ജി എന്നിവരെയാണ് ബിസിസിഐ ഫീല്‍ഡിംഗ്, ബൗളിംഗ് കോച്ചുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനായി നിയോഗിച്ചത്.