ഇന്ത്യയുടെ 316 റണ്‍സിന് മറുപടിയുമായി ബാറ്റുചെയ്‌ത ന്യൂസിലാന്‍ഡ് രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍, ഏഴിന് 128 എന്ന നിലയിലാണ്. ഇനി മൂന്നു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ന്യൂസിലാന്‍ഡിന് 188 റണ്‍സ് വേണം. 10 ഓവര്‍ ബൗള്‍ ചെയ്‌ത ഭുവനേശ്വര്‍ കുമാര്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ചു കീവി വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മൊഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. 36 റണ്‍സെടുത്ത ജെറോം ടെയ്‌ലറാണ് കീവിസിന്റെ ടോപ് സ്‌കോറര്‍. ലുക്ക് റോഞ്ചി 35 റണ്‍സെടുത്തു. മറ്റൊരു കീവി ബാറ്റ്‌സ്‌മാനും 15 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല.

നേരത്തെ ഏഴിന് 239 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ 316 റണ്‍സിന് പുറത്താകുകയായിരുന്നു. പുറത്താകാതെ 54 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. 87 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും 77 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുമാണ് ഇന്ത്യയ്‌ക്കായി തിളങ്ങിയ മുന്‍നിരക്കാര്‍. ന്യൂസിലാന്‍ഡിനുവേണ്ടി മാറ്റ് ഹെന്‍റി മൂന്നു വിക്കറ്റ് സ്വന്തമാക്കി.

ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഈ മല്‍സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കുന്നതിനൊപ്പം ഇന്ത്യയ്‌ക്ക് ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്താനാകും.