പുതിയ കോച്ചിനെ തേടി കേരള ബ്ലാസ്റ്റേഴ്സ്. റെനി മ്യൂളൻസ്റ്റീനിന്റെ രാജി ടീമിന് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്. ഐഎസ്എൽ രണ്ടാം സീസണിലെ അതേ അവസ്ഥയിലാണിപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്. 2015ൽ ജയമില്ലാതെ ടീം തപ്പിത്തടഞ്ഞപ്പോൾ കോച്ച് പീറ്റർ ടൈലർ പാതിവഴിയിൽ രാജിവച്ച് മടങ്ങി.
ഡേവിഡ് ബെക്കാമിനെ ഉൾപ്പടെയുള്ളവരെ പരിശീലിപ്പിച്ച കോച്ച് എന്ന തലയെടുപ്പോടെയാണ് 2015ൽ പീറ്റർ ടൈലർ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായത്. ലഭ്യമായ താരങ്ങളെ കൃത്യമായി വിനിയോഗിക്കാതെ, ടീം കോംപിനേഷൻ മാറിമാറി പരീക്ഷിച്ചപ്പോൾ, ടൈലറിന് ആറു കളിയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. നാല് തോൽവിയും ഓരോജയവും
തോൽവിയുമായി ടൈലർ നാട്ടിലേക്ക് മടങ്ങി. താൽക്കാലി കോച്ചായി ട്രെവർ മോർഗനും പിന്നെ ടെറി ഫെലാനും തന്ത്രമോതാൻ എത്തിയെങ്കിലും 14 കളിയിൽ മൂന്നെണ്ണം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് ലീഗിൽ ഏറ്റവും അവസാന സ്ഥാനക്കാരായി.
ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയ്ൻ റൂണി തുടങ്ങിയവരുടെ പരിശീലകൻ എന്ന വിശേഷണത്തോടെയാണ് റെനി മ്യൂളൻസ്റ്റീൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയത്. താരതമ്യേന ഭേദപ്പെട്ട കളിക്കാരെ കിട്ടിയിട്ടും മ്യൂളൻസ്റ്റീൻ തീർത്തും നിരാശപ്പെടുത്തി. താരങ്ങളുടെ മികവോ കൃത്യമായ കോംപിനേഷനോ കണ്ടെത്താനായില്ല. കളിക്കാർ തമ്മിലുണ്ടായ
പടലപ്പിണക്കങ്ങൾ പരിഹരിക്കാനോ കളിത്തട്ടിൽ ടീമിനെ ഒറ്റെക്കെട്ടായി കോർത്തിണക്കാനോ കഴിഞ്ഞില്ല. ഏഴ് കളിയിൽ ഒറ്റജയം മാത്രം. ഫലം ടൈലറേക്കാൾ ഒരുകളിയുടെ ആയുസ്സ്. ചെയ്ത ഉപകാരങ്ങൾക്കെല്ലാം നന്ദിയെന്ന് പറഞ്ഞ് പീറ്റർ ടൈലറെ പുറത്താക്കിയപ്പോൾ ഉപയോഗിച്ച അതേവാക്കുകൾ കടമെടുത്താണ് രണ്ടുവർഷങ്ങൾക്കിപ്പുറം റെനി മ്യൂളൻസ്റ്റീനും ബ്ലാസ്റ്റേഴ്സ് പുറത്തേക്കുള്ള വഴിതുറന്നത്.
