ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രശ്‌നം ടീമിന് ടീം ഗെയിം ഉണ്ടായിരുന്നില്ല എന്നതാണെന്ന് പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോളര്‍ ഐ.എം.വിജയന്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ രാജിവച്ചൊഴിഞ്ഞ കോച്ച് മ്യുലന്‍സ്റ്റിന്‍ ഏറെ അനുഭവസമ്പത്തുള്ളയാളാണ്. മാഞ്ചസ്റ്റര്‍ യൂണെറ്റഡിന്റെ അസിസ്റ്റന്‍ കോച്ച്, ഫര്‍ഗൂസന്റെ കീഴില്‍ ഉണ്ടായിരുന്നയാള്‍, അതൊക്കെ വലിയ കാര്യമാണ്. പക്ഷേ ഒരു പ്രധാന കോച്ചായി വരുമ്പോള്‍ ഏങ്ങനെയാണ് കാര്യങ്ങള്‍ എന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. മ്യൂലന്‍സ്റ്റീന്റെ ആദ്യത്തെ സ്വതന്ത്ര പരിശീലനമായിരുന്നു ഇവിടെത്തേത്. പ്രധാന പരിശീലകനായി അദ്ദേഹത്തിന് പരിചയക്കുറവുണ്ടെന്നും ഐഎം വിജയന്‍ അഭിപ്രായപ്പെട്ടു. 

നാലഞ്ച് മാസം കളിക്കാരെ കൈയില്‍ കിട്ടിയിട്ടും ഒരു കോച്ചിനെകണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. അസിസ്റ്റന്റ് കോച്ചായിരുന്നയാളെ പ്രധാന കോച്ചാക്കിയപ്പോള്‍ വേണ്ട കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല. ഓരോ കളിക്കാരനെയും പ്രത്യേകമായി എടുത്ത് ഉപയോഗിക്കാന്‍ കോച്ചിന് അറിയണം. ഹ്യൂമിനെ പോലെയൊരാളെ എക്‌സ്ട്ര് ടൈമിലിറക്കിയും മറ്റും കളിപ്പിക്കുന്നത് കളിക്കാരന്റെ ആത്മവിശ്വാസത്തെയാണ് ബാധിക്കുന്നത്. 

ബ്ലാസ്റ്റേഴ്‌സിന്റെ കളികണ്ടാല്‍ ടീമിന് ഒത്തൊരുമയില്ലെന്ന് തോന്നും. ടീമിന് ഫിറ്റ്‌നസ് ഇല്ല. കളി പകുതിയാകുമ്പോഴേക്കും ഓടാന്‍ പോലുമാകാതെ കളിക്കാര്‍ തളരുന്നു. ടീമിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല. ഒരു ടീം ഗെയിം പ്ലാന്‍ ചെയ്യാന്‍ കോച്ചിന് കഴിഞ്ഞിരുന്നില്ല. ടീമിന് സംഭവിച്ച ഏറ്റവും വലിയ പ്രശ്‌നമതാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ വിഷമിക്കേണ്ടതില്ലെന്നും ഐ.എം.വിജയന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. നല്ല കളിക്കാര്‍ ഇപ്പോഴും ടീമിലുണ്ട്. നല്ല മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. രണ്ട് കളി ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താനുള്ള എല്ലാസാധ്യതയുണ്ടെന്നും ഐ.എം.വിജയന്‍ അഭിപ്രായപ്പെട്ടു.