‍‍അടുത്ത സീസണില്‍ വമ്പന്‍ തിരിച്ചുവരവ് ലക്ഷ്യമിട്ട് മഞ്ഞപ്പട യൂറോപ്പിലെ ക്ലബ്ബുകളുമായി പരിശീലനത്തിന്‍റെ സാധ്യതകള്‍ തേടുന്നു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങളായ കെ. പ്രശാന്ത്, ലോകെൻ മിതേയ് എന്നിവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാന്‍ ടീം മാനേജ്മെന്‍റ് ഫിൻലഡിലേക്ക് അയച്ചു. ഫിൻലഡിലെ മുൻനിര ക്ലബായ സിയനാ ജുവാൻ ജാൽക്കാ പല്ലൊകൊറോ (എസ്ജെകെ) യില്‍ മികച്ച പരിശീലകരുടെ കീഴില്‍ മലയാളി താരം പ്രശാന്തും മണിപ്പൂര്‍ സ്വദേശിയായ ലോകെൻ മിതേയും പരിശീലിക്കും.

ജൂലൈ ഒന്നുവരെ ഇരുവരും ഫിൻലഡിൽ തുടരും. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ് ലക്ഷ്യമിട്ടാണ് ഡേവിഡ് ജെയിംസിന്‍റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. ഇരുപതുകാരനായ പ്രശാന്ത് വിംഗറായാണ് ടീമിലെത്തിയതെങ്കിലും കഴിഞ്ഞ സീസണില്‍ പ്രതിരോധ നിരയിലും താരത്തെ കളിപ്പിച്ചിരുന്നു. ഏറെ പ്രതീക്ഷയാണ് മലയാളി താരത്തില്‍ ടീം പുലര്‍ത്തുന്നത്. ലോകെൻ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞത് കഴിഞ്ഞ സീസണിലാണ്. ഫിൻലൻഡിലെ ടോപ് ഡിവിഷൻ ലീഗിലെ ഇപ്പോഴത്തെ റണ്ണർ അപ്പ് ടീമാണ് എസ്ജെകെ. 2016ൽ ലീഗ് ചാമ്പ്യൻമാരായിരുന്നു.

കഴിഞ്ഞ മൂന്നു വർഷമായി യൂറോപ്പ ലീഗിലും കളിക്കുന്നുണ്ട്. എസ്ജെകെയുമായി ഉള്ളതുപോലെയുള്ള ബന്ധം മറ്റു പല ക്ലബുകളുമായി ബ്ലാസ്റ്റേഴ്സിനുണ്ടെന്നും കളിക്കാർക്ക് കൂടുതൽ ലോക നിലവാരത്തിലുള്ളതും മികച്ച കളിക്കാരുമൊത്തുമുള്ള പരിശീലനമാണ് ലക്ഷ്യമിടുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ഡേവിഡ് ജെയിംസ് പറഞ്ഞു.