ധോണിക്ക് വേറെ പണി നിര്‍ദേശിച്ച്  ആലിയ ഭട്ട്

ധോണിക്ക് ചേരുന്ന മറ്റൊരു പണി നിര്‍ദേശിച്ചിരിക്കുകയാണ് ബോളീവുഡ് താരം ആലിയ ഭട്ട്. പണികേട്ടാല്‍ ആരും ഞെട്ടും ഇന്ത്യന്‍ ടീമില്‍ ചാരപ്പണിക്ക് ചേര്‍ന്ന ആള്‍ മുന്‍ ക്യാപ്റ്റനും വിക്കറ്റ് മകീപ്പറുമായ ധോണിയാണെന്നാണ് ആലിയ പറയുന്നത്. ആലിയ ഇന്ത്യന്‍ ചാരയായി അഭിനയിക്കുന്ന റാസി എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി കെന്‍റ് ക്രിക്കറ്റ് ലൈവ് ഷോയില്‍ എത്തിയതായിരുന്നു ആലിയ. 

ബ്രെറ്റ് ലീയും ഇര്‍ഫാന്‍ പത്താനും മുന്‍ മിസ് ഓസ്ട്രേലിയ എറിന്‍ ഹോളണ്ടും പങ്കെടുത്ത ഷോയില്‍ രസകരമായ സംഭാഷണമായിരുന്നു നടന്നത്. ഇന്ത്യന്‍ ടീമില്‍ ഏറ്റവും നല്ല ചാരന്‍ ആരാണെന്ന് ആലിയ ഇര്‍ഫാനോട് ചോദിച്ചു. ധോണി എന്നായിരുന്നു ഇര്‍ഫാന്‍റെ ഉത്തരം. അദ്ദേഹം കളിക്കാരെ ഓരോരുത്തരേയും സസൂക്ഷ്മം നിരീക്ഷിക്കുമെന്നും മനസിലാക്കുമെന്നും ഇര്‍ഫാന്‍ പറഞ്ഞു. 

ഇതേ രീതിയില്‍ ചാരപ്പണിക്ക് ഏറ്റവും യോജിച്ച ക്രിക്കറ്റ് താരം ആരാണെന്നായിരുന്നു ഇര്‍ഫാന്‍ ആലിയയോട് ചോദിച്ചത്. ഒറ്റവാക്കില്‍ ധോണി എന്ന് ഉത്തരം പറഞ്ഞ ആലിയ. ഇര്‍ഫാന്‍ പറഞ്ഞതുകൊണ്ടാണെന്ന് ന്യായീകരിച്ചു. ആഘോഷിക്കപ്പെടാത്ത ഇന്ത്യന്‍ ക്രിക്കറ്റിലെ ഹീറോ ആരാണെന്ന ചോദ്യത്തിന് രാഹുല്‍ ദ്രാവിഡ് എന്നായിരുന്നു ഉത്തരം. ഐപില്‍ യുവതാരങ്ങള്‍ക്ക് വലിയ അവസരമാണ് നല്‍കുന്നതെന്നും ഇവിടെ സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ആലിയ പറഞ്ഞു.