ദില്ലി: സ്‌പെയിനെതിരായ ഡേവിസ് കപ്പ് മത്സരത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹന്‍ ബൊപ്പണ്ണ പിന്മാറി. യുഎസ് ഓപ്പണിനിടെ കാല്‍മുട്ടിന് പരിക്കേറ്റെന്നും രണ്ടു ആഴ്ചത്തെ വിശ്രമം വേണമെന്നും ബൊപ്പണ്ണ അഖിലേന്ത്യാ ടെന്നിസ് അസോസിയേഷനെ അറിയിച്ചു. ബൊപ്പണ്ണ പെയ്‌സ് സഖ്യം ഡബിള്‍സില്‍ മത്സരിക്കുമെന്നാണ് നേരത്തെ അസോസിയേഷന്‍ അറിയിച്ചിരുന്നത്. ബൊപ്പണ്ണയ്ക്ക് പകരം സുമിത് നാഗലിനെ ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ പെയ്‌സിനൊപ്പം സാകേത് മയ്‌നേനി ഡബിള്‍സില്‍ കളിക്കാനാണ് സാധ്യത. പെയ്‌സ് നാളെ
ഇന്ത്യന്‍ ക്യാംപില്‍ ചേരും. അതേസമയം നദാല്‍ ഉള്‍പ്പെട്ട സ്പാനിഷ് ടീം നാളെ ദില്ലിയിലെത്തും. ഈ മാസം 16 മുതല്‍ 18 വരെയാണ് ലോക ഗ്രൂപ്പ് പ്ലേ ഓഫിലെ മത്സരങ്ങള്‍.