കണക്കുകള്‍ തീര്‍ത്ത് ബ്രസീല്‍; തകര്‍ന്നടിഞ്ഞ് അര്‍ജന്റീന

First Published 28, Mar 2018, 6:42 AM IST
Brazil win Argentina  Collapsed
Highlights
  • 37 -ാം മിനിറ്റില്‍ മാഞ്ചസ്റ്ററിന്റെ സിറ്റി താരം ഗബ്രിയേല്‍ ജിസ്യൂസാണ് മഞ്ഞപ്പടയുടെ കലിപ്പ് തീര്‍ത്ത ആ ഗോള്‍ നേടിയത്. വില്ലിയന്‍ നീട്ടിയ പാസിന് ജിസ്യൂസ് തലവെക്കുകയായിരുന്നു.

ബെര്‍ലിന്‍:   കണക്കും കലിപ്പും തീര്‍ത്ത് മഞ്ഞപ്പട. ഒടുവില്‍ ലോകകപ്പില്‍ ജര്‍മ്മനിയോടേറ്റ കൂറ്റന്‍ തോല്‍വിയുടെ പാപക്കറ ബ്രസീലിന്റെ യുവനിര കഴുകിക്കളഞ്ഞു. ലോകചാമ്പ്യന്മാര്‍ക്ക് ബ്രസീലിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നത് 1-0 ന്. 2014 ലെ ലോകക്കപ്പില്‍ സ്വന്തം നാട്ടിലേറ്റ തോല്‍വിക്ക് ജര്‍മ്മനിയിലെ ബര്‍ലിനില്‍ ഒളിംപിയ സ്റ്റേഡിയത്തില്‍ മറുപടികൊടുക്കാന്‍ കഴിഞ്ഞത് ഫുട്‌ബോളിലെ കാവ്യനിതീയാണ്. 

37 -ാം മിനിറ്റില്‍ മാഞ്ചസ്റ്ററിന്റെ സിറ്റി താരം ഗബ്രിയേല്‍ ജിസ്യൂസാണ് മഞ്ഞപ്പടയുടെ കലിപ്പ് തീര്‍ത്ത ആ ഗോള്‍ നേടിയത്. വില്ലിയന്‍ നീട്ടിയ പാസിന് ജിസ്യൂസ് തലവെക്കുകയായിരുന്നു. ജിസ്യൂസിന്റെ ആ ഹെഡ് തകര്‍ത്തത് 2016 ന് ശേഷം അപരാജിത കുതിപ്പുമായി പാഞ്ഞ ജര്‍മ്മനിയുടെ വിജയവീര്യത്തെയായിരുന്നു. ലോകകപ്പിന് ശേഷമുള്ള ജര്‍മ്മനിയുടെ ആദ്യ തോല്‍വി. ഇരുപത്തിരണ്ട് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ജര്‍മ്മനിക്ക് ഒടുവില്‍ കാനറികള്‍ക്ക് മുന്നില്‍ കാലിടറി. അവസാനം കളിച്ച 18 കളികളില്‍ ബ്രസീലിനും ഏക തോല്‍വിമാത്രമാണ് ഉള്ളത്.

കഴിഞ്ഞ ലോകക്കപ്പില്‍ ബെല്ലോ ഹൊറിസാന്റിയില്‍ നടന്ന സെമിയില്‍ ജര്‍മ്മനി ബ്രസീലിനെ തകര്‍ത്തത് 7-1 നായിരുന്നു. ഈ നടുക്കുന്ന ഓര്‍മ്മകളെ കഴുക്കികളയാന്‍ ബ്രസീലിന് കഴിഞ്ഞത് അടുത്ത ലോകക്കപ്പിന് കൂടുതല്‍ ആത്മവിശ്വാസത്തോടെ തിരിച്ചുവരാന്‍ ബ്രസീലിനെ സഹായിക്കും. 

ഇറ്റലിയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന സന്നാഹ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇംഗ്ലണ്ടിനായി വാര്‍ഡിയും ഇറ്റലിയ്ക്കായി ഇന്‍സിഗ്‌നേയും ഗോള്‍ നേടി. 

മറ്റൊരു സന്നാഹമത്സരത്തില്‍ സ്‌പെയിനിനെതിരെ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തത്. ഇസ്‌കോയുടെ ഹാട്രിക് മികവിലാണ് സ്‌പെയിനിന്റെ ജയം. ഡീഗോ കോസ്റ്റ, തിയാഗോ, ലാഗോ അസ്പസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഒടമെന്‍ഡിയുടെ വകയായിരുന്നു അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍.


 

loader