സിഡ്നി: കളിക്കളത്തില്‍ നിരവധി തവണ നേര്‍ക്കുനേര്‍ എറ്റുമുട്ടിയിട്ടുണ്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറും ഓസീസ് പേസര്‍ ബ്രെറ്റ് ലീയും. ലീയുടെ 150കി.മിയിലേറെ വേഗമുള്ള തീതുപ്പുന്ന പന്തുകള്‍ക്ക് ബൗണ്ടറികളായിരുന്നു മിക്കപ്പൊഴും സച്ചിന്‍റെ മറുപടി. എന്നാല്‍ സച്ചിനെ വീണ്ടും അങ്കത്തിന് ക്ഷണിച്ചിരിക്കുകയാണ് ബ്രൈറ്റ് ലീയിപ്പോള്‍.

സച്ചിനെ മത്സരത്തിന് ക്ഷണിച്ചുകൊണ്ടുള്ള ബ്രെറ്റ് ലീയുടെ ട്വീറ്റാണ് സംഭവം. 2006ല്‍ മുുംബൈയിലെ കാര്‍ട്ടിംഗ് ട്രാക്കില്‍ കാര്‍ റേസിംഗില്‍ ഇരുവരും നേര്‍ക്കുനേര്‍ എറ്റുമുട്ടിയിരുന്നു. കാര്‍ട്ടിംഗ് ട്രാക്കില്‍ വീണ്ടും ഏറ്റുമുട്ടാന്‍ തയ്യാറുണ്ടോയെന്നാണ് സച്ചിനോട് ബ്രെറ്റ് ലീ തമാശയായി ആരാഞ്ഞത്. ബ്രെറ്റ് ലീക്കെതിരെ കളിക്കുന്നത് സന്തോഷമാണെന്നും എന്നാല്‍ തന്‍റെ പ്രതികരണ രീതി താങ്കള്‍ അറിയുമെന്നുമായിരുന്നു സച്ചിന്‍റെ മറുപടി.

ക്രിക്കറ്റില്‍ എതിരാളികളായിരുന്നെങ്കിലും പിച്ചിന് പുറത്തെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇന്ത്യക്കെതിരെ 12 ടെസ്റ്റുകളില്‍ 53 വിക്കറ്റും 32 ഏകദിനങ്ങളില്‍ 55 വിക്കറ്റും ലീ വീഴ്‌ത്തിയിട്ടുണ്ട്. വേഗവും ബൗണ്‍സും കൊണ്ട് എതിരാളികളെ കീഴ്‌പ്പെടുത്തിയിരുന്ന ബ്രെറ്റ് ലീ 2012ല്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിനത്തില്‍ 380 വിക്കറ്റും ടെസ്റ്റില്‍ 310 വിക്കറ്റും ലീയുടെ പേരിലുണ്ട്.