ലോര്‍ഡ്സ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് 229 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 228 റൺസ് നേടി. നതാലിയ സ്കിവറിന്റെ (51) അർധസെഞ്ചുറിയും സാറാ ടെയ്ലറുടെ (45) മികച്ച പ്രകടനവുമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ നൽകിയത്.
ഓപ്പണർമാരായ ലോറൻ വിൻഫീൽഡും (24), ടമി ബ്യുമൗണ്ടും (23) ഭേദപ്പെട്ട തുടക്കം നൽകിയിട്ടും ഇംഗ്ലണ്ടിന് മുതലാക്കാനായില്ല. സ്കിവറിന്റെയും സാറാ ടെയ്ലറിന്റെയും കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ രക്ഷപെടുത്തിയത്. കാതറിൻ ബ്രണ്ടും (34) ഭേദപ്പെട്ട ബാറ്റിംഗ് നടത്തി.
ഇന്ത്യൻ ബൗളർമാരുടെ മികച്ച ബൗളിംഗാണ് ഇംഗ്ലണ്ടിനെ ചെറുസ്കോറിൽ ഒതുക്കിയത്. പത്തോവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കിയ ജുലന് ഗോസ്വാമിയും രണ്ടു വിക്കറ്റ് പിഴുത പൂനം യാദവും ഇംഗ്ലണ്ടിനെ വരിഞ്ഞു മുറുക്കി.
ഇന്ത്യൻ ബൗളർമാരിൽ ഏഴ് ഓവർ എറിഞ്ഞ ശിഖ പാണ്ഡെയും നാലോവർ ചെയ്ത കൗറും മാത്രമാണ് അടിവാങ്ങിയത്. രാജേശ്വരി ഗെയ്ക്ക്വാദ് 10 ഓവറിൽ 49 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
