മിലാന്‍: ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഫൂട്ട് പുരസ്കാരം ഇറ്റാലിയന്‍ ഗോളി ജിയാന്‍ലുഗി ബഫണിന്.‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വെയ്ന്‍ റൂണി, ലയണല്‍ മെസ്സി തുടങ്ങിയവരെ മറികടന്നാണ് ബഫണിന്‍റെ നേട്ടം. വേള്‍ഡ് ചാംപ്യന്‍സ് ക്ലബ് 28 വയസ്സിന് മുകളില്‍ പ്രായമുള്ള മികച്ച കളിക്കാരന് നല്‍കുന്ന പുരസ്കാരമാണ് ഗോള്‍ഡന്‍ ഫൂട്ട്. വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ തെരഞ്ഞെടുക്കുന്നത്.

ഈവര്‍ഷത്തെ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത് 38കാരനായ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂഗി ബഫണ്‍. പുരസ്കാരം തന്റെ ആത്മവിശ്വാസം കൂട്ടുമെന്ന് ബഫണ്‍ പറഞ്ഞു. പോര്‍ട്ടുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അ‍ര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വെയ്ന്‍ റൂണി എന്നിവരെ മറികടന്നാണ് ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ബഫണിന്റെ നേട്ടം.

യുവന്‍റസ് താരമായ ബഫണ്‍ ഇറ്റലിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ രാജ്യാന്ത മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ്. 165 മത്സരങ്ങളില്‍ ബഫണ്‍ ഇറ്റാലിയന്‍ ജേഴ്സി അണിഞ്ഞു. 2006ല്‍ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 465 മത്സരങ്ങളില്‍ യുവന്‍റസിന്റെ ഗോള്‍വലയം കാത്തിട്ടുണ്ട്.