കേപ്‌ടൗണ്‍: ന്യൂലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ മഴ മൂലം മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു. കേപ്‌ടൗണില്‍ രാവിലെ ആരംഭിച്ച മഴയ്ക്ക് ശമനം വരാത്തതിനാല്‍ ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കാന്‍ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു. ഇതോടെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയില്‍ നാലാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുനരാരംഭിക്കും. 

രണ്ട് ഇന്നിഗ്സുകളിലുമായി ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോള്‍ 142 റണ്‍സ് ലീഡുണ്ട്. തിങ്കളാഴ്ച്ച നേരത്തെ മത്സരം ആരംഭിക്കുകയില്ലെങ്കിലും സെഷനുകളുടെ ദൈര്‍ഘ്യത്തില്‍ മാറ്റമുണ്ടാകും. ഇതിലൂടെ അവശേഷിക്കുന്ന രണ്ട് ദിവസങ്ങളിലും 98 ഓവര്‍ വീതം എറിയാനാണ് തീരുമാനം. ടെസ്റ്റ് മത്സരങ്ങളില്‍ സാധാരണയായി 90 ഓവറാണ് ഒരു ദിവസം എറിയുന്നത്.

77 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി നാല് റണ്‍സുമായി ഹാഷിം അംലയും രണ്ട് റണ്‍സുമായി കസിഗോ രബാദയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ എയ്ഡന്‍ മര്‍ക്രാം(34),ഡീന്‍ എള്‍ഗര്‍(25) എന്നിവരെ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കി. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുടെ 286 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 209 റണ്‍സിന് പുറത്തായിരുന്നു. 

ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനു മുന്നില്‍ ഇന്ത്യയുടെ മുന്‍നിരയും മധ്യനിരയും തകര്‍ന്നപ്പോള്‍ വാലറ്റത്ത് ഭുവനേശ്വര്‍ കുമാറുമൊത്ത് പാണ്ഡ്യ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അര്‍ദ്ധ സെഞ്ചുറി നേടിയ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ(93)യാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാന്‍ഡറും രബാദയും മൂന്ന് വീതവും സ്റ്റെയ്നും മോര്‍ക്കലും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.