സെഞ്ചൂറിയന്‍: നായകന്‍ വിരാട് കോലിയുടെ 21-ാം ടെസ്റ്റ് സെഞ്ചുറി മികവില്‍ ലീഡ് സ്വന്തമാക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 335 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 92.1 ഓവറില്‍ 307 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 28 റണ്‍സ് ലീഡ് വഴങ്ങി. സെഞ്ചുറി നേടിയ വിരാട് കോലി(153) യാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.
217 പന്തില്‍ നിന്ന് 15 ബൗണ്ടറികള്‍ സഹിതമാണ് വിരാട് കോലി 21-ാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. മുരളി വിജയ്(46), ആര്‍ അശ്വിന്‍(38), പാര്‍ത്ഥീവ് പട്ടേല്‍(19), ഹര്‍ദിക് പാണ്ഡ്യ(15) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍. മൂന്നാം ദിനം അഞ്ചിന് 183 എന്ന നിലയില്‍ കളിയാരംഭിച്ച ഇന്ത്യയ്ക്ക് 124 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കായി മോണി മോര്‍ക്കല്‍ നാലും കേശവ് മഹാരാജ്, കഗിസോ രബാഡ, ലുങ്കി എന്‍കിടി, വെര്‍നോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
റണിനായി അലസനായി ഓടിയ ഹര്‍ദിക് പാണ്ഡ്യയെ 15ല്‍ നില്‍ക്കേ ഫിലാന്‍ഡര്‍ റണൗട്ടാക്കി. പിന്നീട് കോലിക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ക്കാന്‍ ശ്രമിച്ച അശ്വിനെ(38) ഫിലാന്‍ഡര്‍ സ്ലിപ്പില്‍ ഡ്യൂപ്ലസിസിന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ അപകടം മണത്തു. മൂന്ന് റണ്‍സുമായി ഇശാന്ത് മോര്‍ക്കലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. മോര്‍ക്കലിന്‍റെ ബൗണ്‍സിന് മുന്നില്‍ ആറടി ഉയരക്കാരനായ ഇശാന്ത് പതറുകയായിരുന്നു എന്നാല്‍ ഇതിനിടയില്‍ 150 റണ്‍സ് പൂര്‍ത്തിയാക്കി കോലി മാത്രം തലയുയര്‍ത്തി നിന്നു.
ഒടുവില്‍ കൂറ്റനടികള്‍ക്ക് മാത്രം സാധ്യതയുള്ള ഘട്ടത്തില്‍ മോര്‍ക്കലിനെ സിക്സര്‍ പായിക്കാന്‍ ശ്രമിച്ച് കോലിയും മോര്‍ക്കലിന് കീഴടങ്ങിയതോടെ ഇന്ത്യ വീണു. ഇന്ത്യ ലീഡ് നേടുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചെങ്കിലും നാല് വിക്കറ്റ് വീഴത്തിയ മോര്‍ക്കല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ എറിഞ്ഞിടുകയായിരുന്നു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കും തുടക്കം പിഴച്ചു. ഒരു റണ്‍സ് വീതമെടുത്ത എയ്ഡന്‍ മര്‍ക്രാമിനെയും ഹാഷിം അംലയെയും ഭുംമ്ര പുറത്താക്കി. ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് മൂന്ന് റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
