സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ കറക്കിവീഴ്ത്തിയത് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ്. ഇന്ത്യന്‍ സ്‌പിന്നറുടെ കൈക്കുഴയ്ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക വെള്ളംകുടിച്ചപ്പോള്‍ 8.2 ഓവറില്‍ 22 റണ്‍സിന് അഞ്ച് വിക്കറ്റുകളാണ് കൊഴിഞ്ഞത്. ഇതോടെ ദക്ഷിണാഫ്രിക്കയില്‍ ചരിത്ര കുറിക്കാന്‍ യുസ്‌വേന്ദ്ര ചഹലിനായി. 

പേസര്‍മാര്‍ക്ക് ആനുകൂല്യമുള്ള ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേടുന്ന മൂന്നാമത്തെ സ്പിന്നറാണ് ചഹല്‍. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ നിക്കി ബോജെയും ശ്രീലങ്കന്‍ സ്‌പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും മാത്രമാണ് മഴവില്‍ രാഷ്ട്രത്തില്‍ അഞ്ച് വിക്കറ്റ് കൊയ്തിട്ടുള്ളത്. ഏകദിന കരിയറിലെ മികച്ച ബൗളിംഗ് പ്രകടനത്തോടെയാണ് ചഹല്‍ നേട്ടത്തിലെത്തിയത്.

മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഇന്ത്യയ്ക്കാരന്റെ മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനം കാഴ്ച്ചവെക്കാനും ചഹലിനായി. 1999ല്‍ സുനില്‍ ജോഷി ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ പിഴുതതാണ് ഇന്ത്യക്കാരന്‍റെ മികച്ച ബൗളിംഗ് പ്രകടനം.