ലീസസ്റ്റര്‍ സിറ്റിക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ഡീഗോ കോസ്റ്റ, എഡന്‍ ഹസാര്‍ഡ്, വിക്‌ടര്‍ മോസസ് എന്നിവരാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. സ്വാന്‍സീ സിറ്റിക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ വിജയിച്ചത്. ഗണ്ണേഴ്‌സിനുവേണ്ടി തിയോ വാല്‍ക്കോട്ട് രണ്ടു ഗോള്‍ നേടിയപ്പോള്‍ ജര്‍മ്മന്‍ താരം മെസ്യൂട്ട് ഓസിലിന്റെ വകയായിരുന്നു മൂന്നാമത്തെ ഗോള്‍. സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് സമനില പിടിച്ചത്. എവര്‍ട്ടനുവേണ്ടി റൊമേലു ലുകാകുവാണ് ആദ്യ ഗോള്‍ നേടിയത്. നൊലിറ്റോയിലൂടെയാണ് സിറ്റി സമനില പിടിച്ചത്. കെവിന്‍ ഡി ബ്രൂണെ, സെര്‍ജി അഗ്യൂറോ എന്നിവര്‍ പെനാല്‍റ്റി അവസരങ്ങള്‍ തുലച്ചത് സിറ്റിക്ക് വലിയ തിരിച്ചടിയായി. എവര്‍ട്ടണോട് സമനില വഴങ്ങിയെങ്കിലും എട്ടു കളികളില്‍ 19 പോയിന്റോടെ സിറ്റി തന്നെയാണ് ഇപ്പോഴും ലീഗില്‍ ഒന്നാമത്. എട്ടു കളികളില്‍ 19 പോയിന്റുള്ള ആഴ്‌സണല്‍ ഗോള്‍ ശരാശരിയില്‍ പിന്നിലായതോടെയാണ് രണ്ടാമതായത്. ടോട്ടന്‍ഹാം ഹോര്‍ട്‌സ്‌പര്‍, ലിവര്‍പൂള്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. എട്ടു കളികളില്‍ 15 പോയിന്റുള്ള ചെല്‍സി അഞ്ചാം സ്ഥാനത്താണ്.