ലണ്ടന്‍: ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ച ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച വിജയം സ്വന്തമാക്കി. സിറ്റിയുടെ തട്ടകത്തിലായിരുന്നു നീലപ്പടയുടെ ഉജ്ജ്വലവിജയം. ഗാരി കാഹിലിന്റെ സെല്‍ഫ് ഗോളിന് പിന്നിലായെങ്കിലും ഡീഗോ കോസ്റ്റ, വില്യന്‍, ഏദന്‍ ഹസാര്‍ഡ് എന്നിവരുടെ എണ്ണം പറഞ്ഞ ഗോളുകള്‍ക്ക് ചെല്‍സി വിജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു ചെല്‍സിയുടെ മൂന്നു ഗോളുകളും പിറന്നത്. ഇതിനിടയില്‍ സെര്‍ജി അഗ്യൂറോയും ഫെര്‍ണാണ്ടിഞ്ഞ്യോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്, മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടിയായി. മദ്ധ്യനിരയില്‍ സെസ്ക് ഫാബ്രിഗാസും മുന്നേറ്റത്തില്‍ ഡിഗോ കോസ്റ്റ, ഏദന്‍ ഹസാര്‍ഡ് എന്നിവര്‍ നിറഞ്ഞു കളിച്ചതോടെ, സിറ്റി പ്രതിരോധത്തിന് പിടിപ്പത് പണിയായി. നിക്കോളാസ് ഓട്ടമെണ്ടി, ജിസസ് നവാസ് എന്നിവര്‍ മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു.

ഈ ജയത്തോടെ 14 കളികളില്‍ 34 പോയിന്റുമായി ചെല്‍സി ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒരു മല്‍സരം കുറച്ചു കളിച്ച ലിവര്‍പുള്‍ 30 പോയിന്റുമായി രണ്ടാമതാണ്. ചെല്‍സിയോട് തോറ്റ മാഞ്ചസ്റ്റര്‍ സിറ്റി 14 കളികളില്‍ 30 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.