ചെന്നൈ: ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും ആരൊക്കെ നിലനിര്‍ത്തുമെന്നത് ഇക്കുറി കൂടുതല്‍ ആകാംഷ ജനിപ്പിക്കുന്നു. ടീമുകള്‍ എതൊക്കെ സൂപ്പര്‍താരങ്ങളെ നിലനിര്‍ത്തും എന്ന ചര്‍ച്ചകള്‍ക്കിടെ ആദ്യ വെടിപൊട്ടിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. 

താരങ്ങളെ നിലനിര്‍ത്തേണ്ട അവസാന തിയ്യതി ഇന്നാണെന്നിരിക്കെ താരങ്ങളുടെ പട്ടിക ഒരു ദിവസം മുന്നേ പുറത്തുവിട്ട് ചെന്നൈ ആരാധകരെ ഞെട്ടിച്ചു. ട്വിറ്ററില്‍ ടീം പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ 378 എന്ന് മാത്രമാണ് എഴുതിയിരുന്നത്. എന്നാല്‍. ടീമിലെ മൂന്ന് സൂപ്പര്‍ താരങ്ങളുടെ ജഴ്സി നമ്പറാണ് ഇതെന്നറിയുന്ന ആരാധകര്‍ക്ക് അനായാസം താരങ്ങളെ തിരിച്ചറിയാനായി. 

മൂന്ന് സുരേഷ് റെയ്നയുടെയും ഏഴ് നായകന്‍ എംസ് ധോണിയുടെയും എട്ട് രവീന്ദ്ര ജഡേജയുടെയും ജഴ്സി നമ്പറുകളാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവന്നതോടെ ചെന്നൈ പഴയ ചെന്നൈ തന്നെ ആയിരിക്കുമെന്നുറപ്പായി. മൂന്ന് താരങ്ങളെ നിലനിര്‍ത്താന്‍ 33 കോടിയും രണ്ട് താരങ്ങളെ നിലനിര്‍ത്താന്‍ 21 കോടിയും ഒരു താരത്തെ നിലനിര്‍ത്താന്‍ 12.5 കോടിയുമാണ് ടീമുകള്‍ക്ക് മുടക്കാനാവുക.

Scroll to load tweet…