ഗോള്‍ വേട്ടയില്‍ ഛേത്രി മെസിക്കൊപ്പം ഇനി മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം
മുംബെെ: ആരും ശ്രദ്ധിക്കാതെ ഇരുന്നപ്പോള് പോലും അവന് നിശബ്ദ വിപ്ലവം നയിക്കുകയായിരുന്നു. പതിയെ പതിയെ ആ കുറിയ മനുഷ്യന് ഓരോ ഇന്ത്യക്കാരന്റെയും മനസിന്റെ വടക്ക് കിഴക്കേ അറ്റത്ത് കൂട് കൂട്ടി. ഇപ്പോള് ലിയോണല് മെസിക്കൊപ്പം ഗോള് വേട്ടയില് എത്തി നില്ക്കുമ്പോള് ലോക ഫുട്ബോളില് ഇന്ത്യയുടെ മേല്വിലാസം ഇനി സുനില് ഛേത്രി എന്ന് കുറിക്കപ്പെടും. ടീമിന്റെ മത്സരങ്ങള് കാണാനായി ആരാധകരോട് സ്റ്റേഡിയത്തിലെത്താന് പ്രതിഭയുടെ ഔന്നത്യത്തില് നില്ക്കുന്ന ആ താരം പറഞ്ഞപ്പോള് ഇന്ത്യ ഒന്നായി മുംബെെ അരീനയില് മനസ് കൊണ്ടെങ്കിലും എത്തി.
അതിനുള്ള സ്നേഹം ഗോളുകളായി ഒഴുകിയപ്പോള് ഇന്റര്കോണ്ടിനെന്റല് കപ്പ് ആണ് നീലപ്പടയ്ക്ക് സ്വന്തമായത്. 102 മത്സരങ്ങളില് 64 ഗോളുകള്, കണക്കിലെ കളിയില് ലോക ഫുട്ബോളില് നിലവില് കളിക്കുന്ന മുന്നിര സ്ട്രെെക്കര്മാരെ എല്ലാം പിന്നിലാക്കിയാണ് ഛേത്രിയുടെ കുതിപ്പ്. ഛേത്രിക്കൊപ്പം 64 ഗോളുകളുമായി മറ്റൊരു താരം കൂടെയുണ്ട്, സാക്ഷാല് മെസി. അതിന് മുന്നില് ക്രിസ്റ്റ്യാനോ റൊണാള്ഡോ മാത്രം. മെസി 124 മത്സരങ്ങളില് നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് പറയുമ്പോള് ഛേത്രിയുടെ പ്രതിഭ എത്രത്തോളമെന്ന് മനസിലാക്കാം. മത്സരങ്ങള് കുറച്ച് കളിച്ചതിനാല് മെസിക്കും മുകളിലാണ് ഛേത്രിയുടെ സ്ഥാനം. രാജ്യാന്തര ഫുട്ബോളിലെ ഗോള് വേട്ടക്കാരുടെ പട്ടികയില് 18-ാം സ്ഥാനത്താണ് ഛേത്രി ഇപ്പോള്.
2007ലെ നെഹ്റു കപ്പ് നേടി തരുന്നതില് തുടങ്ങുന്നതാണ് ഇന്ത്യന് ഫുട്ബോളിലെ 'ഛേത്രി' വസന്തം. പത്തു വര്ഷത്തിന് ശേഷം അന്ന് ഇന്ത്യ നെഹ്റു കപ്പില് മുത്തമിടുമ്പോള് ടൂര്ണമെന്റില് നാലു ഗോളുകള് ഛേത്രി കുറിച്ചിരുന്നു. അടുത്തത് ഇന്ത്യ വേദിയൊരുക്കിയ എഎഫ്സി ചലഞ്ച് കപ്പ്. സ്വന്തം നാട്ടുകാര്ക്ക് മുന്നില് ആ കീരീടം നീലപ്പട ഉയര്ത്തുമ്പോള് ടീമിന്റെ ടോപ് സ്കോറര് ആയത് മറ്റാരുമല്ലായിരുന്നു. 24 വര്ഷത്തിന് ശേഷം ഏഷ്യന് കപ്പിനുള്ള യോഗ്യതയാണ് ആ കിരീട നേട്ടം രാജ്യത്തിന് സമ്മാനിച്ചത്.
2007ന് ശേഷം 2009ലെയും 2012ലെയും നെഹ്റു കപ്പ്, 2011ലെയും 2016ലെയും സാഫ് ചാമ്പ്യന്ഷിപ്പ് എന്നിങ്ങനെ ദേശീയ ടീമിനായി ഛേത്രി തകര്ത്ത് കളിച്ച ടൂര്ണമെന്റുകള്, ഇന്ത്യയുടെ കിരീട വരള്ച്ചകള് മാറ്റിയെടുത്തു. ഐ-ലീഗിലും പിന്നീട് ഐഎസ്എല്ലിലും ആ ബൂട്ടുകള് നിറയൊഴിച്ചപ്പോള് യൂറോപ്പിലെ വമ്പന് താരങ്ങള്ക്ക് മുന്നില് ഇന്ത്യന് ഫുട്ബോളിനെപ്പറ്റിയുള്ള ധാരണകളാണ് മാറിമറിഞ്ഞത്. എഎഫ്സി കപ്പ് കളിക്കുന്ന ആദ്യ ടീമായി 2016ല് ബംഗളൂരു എഫ്സി മാറുമ്പോള് നെടുനായകത്വം വഹിച്ചതും ഛേത്രി തന്നെ.
ഇനി ഏഷ്യന് കപ്പിനായി കാത്തിരിക്കാം. സ്വപ്നങ്ങള് നിറച്ച പന്തുമായി ഛേത്രിയെത്തുമ്പോള് മെസി പോലും ചിലപ്പോള് പിന്നിലായേക്കാം. ഫിഫ റാങ്കിംഗില് ഇന്ന് ഇന്ത്യ 97-ാം സ്ഥാനത്ത് എത്തി നില്ക്കുന്നെങ്കില് അതില് ഛേത്രിയുടെ പങ്ക് മറ്റാരെക്കാളും ഒരു പടിയെങ്കിലും മുമ്പിലായിരിക്കും. ഇന്ത്യന് ഫുട്ബോള് കണ്ട മികച്ച സ്ട്രെെക്കര്മാരുടെ പട്ടികയില് ഐ.എം. വിജയനും, ബെെച്ചുംങ് ബൂട്ടിയക്കുമൊപ്പം, അല്ലെങ്കില് അവരെക്കാള് ഒരു പടി മുകളില് വാഴ്ത്തപ്പെടാന് അര്ഹതയുള്ള താരമാണ് ഛേത്രി. ഇന്ത്യന് ഫുട്ബോളില് ഒരു നവവിപ്ലവം ആരംഭിക്കുമ്പോള് അതിലെ മുന്നണി പോരാളിയും ഛേത്രി തന്നെയാണ്.
