ബീജിങ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചൈനയുടെ സീഡില്ലാ താരം ബിങ്ക്ജിയൊ ഹിയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 22-20, 21-10.
അമേരിക്കയുടെ ബെയ്‌വെന്‍ സാങ്ങിനെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയിരുന്നത്. റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം സിന്ധു പങ്കെടുക്കുന്ന മൂന്നാമത്തെ ടൂര്‍ണമെന്റാണ് ഇത്. ഇതിന് മുമ്പ് ഡെന്‍മാര്‍ക്ക് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും കളിച്ച സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു.
അതേ സമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരമായ അജയ് ജയറാമിന് ഫൈനലിലെത്താനായില്ല. രണ്ടാം സീഡും ആതിഥേയ താരവുമായ ചെന്‍ ലോങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു അജയ് ജയറാമിന്റെ പരാജയം. സ്‌കോര്‍: 15-21, 14-21. മറ്റൊരു ഇന്ത്യന്‍ താരമായ സൈന നേവാളും മലയാളി താരമായ എച്ച്.എസ് പ്രണോയിയും നേരത്തെ തന്നെ പുറത്തായിരുന്നു.
