കൊച്ചി: കോച്ച് റെനി മ്യൂളൻസ്റ്റീൻ രാജിവച്ചതിന് തൊട്ടുപിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു തിരിച്ചടി. പരുക്കേറ്റ സി കെ വിനീത് നാളെ പൂനെ സിറ്റിക്കെതിരെ കളിക്കില്ല. ഐ എസ് എല്ലിൽ തപ്പിത്തടയുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇരട്ടപ്രഹരം. പൂനെ സിറ്റിക്കെതിരായ കളിക്ക് തൊട്ടുമുൻപ് കോച്ച് റെനി മ്യൂളൻസ്റ്റീന്‍റെ രാജി.
ഇതിന്‍റെ ഞെട്ടലിൽ നിന്ന് മാറുംമുൻപാണ് സി കെ വിനീതിന്‍റെ പരുക്ക് ടീമിന് പ്രഹരമായത്. പരിശീലനത്തിനിടെ പരുക്കേറ്റ വിനീതിന് രണ്ടാഴ്ച കളിക്കാനാവില്ലെന്നാണ് സൂചന. ബംഗളൂരു എഫ് സിക്കെതിരായ മത്സരത്തിന് മുൻപ് പരിശീലനത്തിനിടെയാണ്
വിനീതിന് പരുക്കേറ്റത്.
ബിഎഫ്സിക്കെതിരെയും വിനീത് കളിച്ചിരുന്നില്ല. കാലിലെ മസിലിന് പരുക്കേറ്റ വിനീത് ഇപ്പോൾ പരിശീലനത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്. അുടത്തയാഴ്ച ഡൽഹി ഡൈനമോസിനെതിരെയും മുംബൈ സിറ്റിക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങൾ.
ബ്ലാസ്റ്റേഴ്സ് സീസണിൽ നേടിയ ഏകജയം വിനീതിന്‍റെ മിന്നും ഗോളിലൂടെ ആയിരുന്നു. ചെന്നൈയിനെതിരെ ജയത്തിന് തുല്യമായ സമനിലയൊരുക്കിയതും വിനീതിന്‍റെ ഗോൾ. സീസണിൽ അഞ്ച് മത്സരത്തിലാണ് വിനീത് കളിച്ചത്.
