കൊച്ചി: വളരെക്കാലത്തെ കാത്തിരിപ്പൊനെടുവില്‍ ടീമിലെത്തിയ സി കെ വിനീത്, വിജയഗോളും നേടി ആദ്യ മല്‍സരത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്റെയും ആരാധകരുടെയും ഹീറോ ആയി മാറി. ലീഗില്‍ ഇനി മുന്നോട്ട് പോകാന്‍ വിജയം അല്ലാതെ മറ്റൊരു വഴിയുമില്ലാതിരുന്ന ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യമുദ്രയായി മാറുകയായിരുന്നു വിനീത് ഇന്നലെ.

ലീഗ് മല്‍സരങ്ങള്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോഴും സി കെ വിനീത് എന്ന മലായളി താരം ഇതേ വരെ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ ഉണ്ടായിരുന്നില്ല. സഹതാരം റിനോ ആന്റോക്കൊപ്പം എ എഫ് സി കപ്പില്‍ ബംഗലൂരു എഫ്‌സിക്ക് കളിക്കുകയായിരുന്നു ഇതു വരെ. ഒടുവില്‍ എഎഫ് സി കപ്പ് ഫൈനലും കഴിഞ്ഞ് ഇരുവരും കൊച്ചിയിലെത്തിയത് ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കായിരുന്നു. പരിശീലനത്തിന് പോലും സമയം ലഭിച്ചില്ല. ബൂട്ട് പോലും കെട്ടാതെയാണ് വിനീത് ബെഞ്ചിലിരുന്നത്.

ഒടുവില്‍ കോച്ച് സ്റ്റീവ് കോപ്പലിന്റെ വിളിയെത്തുന്നത് രണ്ടാം പകുതിയുടെ 76-ാം മിനിട്ടില്‍. തൊട്ടുപിറകെ വിജയ ഗോള്‍ നേടി തകര്‍പ്പന്‍ തുടക്കം. വിജയം കാത്തിരുന്ന ആരാധകര്‍ക്കുള്ളതാണ് ഈ ഗോളെന്ന് വിനീതിന്റെ പ്രതികരണം. ആരാധകരും ആഹ്ലാദം മറച്ചുവെച്ചില്ല. കളി അവസാ നിച്ച് ഒരു മണിക്കര്‍ കഴിഞ്ഞിട്ടും സ്റ്റേഡിയത്തിന് ചുറ്റും വിജയം ആഘോഷക്കുകയായിരുന്നു ഇവര്‍. അതേ സമയം മോശമായ റഫറിയിംഗ് ആണ് ഗോവയെ തോല്‍പ്പിച്ചതെന്ന് ആരോപിച്ച് ഗോവന്‍ കോച്ച് സീക്കോ രംഗത്തെത്തി. ഇത് ഫുട്ബോളിന നാണക്കേടെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ സീക്കോയുടെ പ്രതികരണം. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സീക്കോ ക്ഷുഭിതനായി ഇറങ്ങിപ്പോകുകയും ചെയ്തു.