ധര്‍മശാല: വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആവശേത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു. ധര്‍മശാലയില്‍ പകലും രാത്രിയുമായാണ് അഞ്ചു മത്സര പരമ്പരയിലെ ആദ്യ മത്സരം . മഹേന്ദ്ര സിംഗ് ധോനി ക്യാപ്റ്റനായി തിരിച്ചെത്തുമ്പോള്‍ ടീ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. പരമ്പരയില്‍ 4-1നെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കാനാവു. നിലവില്‍ 113 പോയന്റുള്ള കീവീസ് മൂന്നാമതും 110 പോയന്റുള്ള ഇന്ത്യ നാലാമതുമാണിപ്പോള്‍.

ഇരു ടീമുകളും തമ്മിലുള്ള ഏകദിന പരമ്പര ഇതുവരെ ജയിക്കാനായിട്ടില്ലെന്ന ചരിത്രം കീവീസിനുമേല്‍ സമ്മര്‍ദ്ദമേറ്റുമ്പോള്‍ അശ്വിന്‍, ഷാമി, ജഡേജ എന്നിവരുടെ അസാന്നിധ്യം ഇന്ത്യയെ ഏത് രീതിയിലാവും ബാധിക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അവസാനമായി 2010ലാണ് ഇരു ടീമുകളും ഇന്ത്യയില്‍ ഏകദിന പരമ്പരയില്‍ ഏറ്റുമുട്ടിയത്.

അന്ന് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 5-0നാണ് പരമ്പ നേടിയത്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ അവസാനം കളിച്ച അഞ്ച് ഏകദിന മത്സരങ്ങളില്‍ ഒന്നുപോലും ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ലെന്ന ചരിത്രം ഇന്ത്യയെയും വേട്ടയാടുന്നുണ്ട്. അവസാനം കളിച്ച അഞ്ചില്‍ നാലു കളിയും കീവികള്‍ ജയിച്ചപ്പോള്‍ ഒരു മത്സരം ടൈ ആയി. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണിക്കും പരമ്പര നിര്‍ണായകമാണ്.

കൊഹ്‌ലിയുടെ നേതൃത്വത്തില്‍ ടെസ്റ്റില്‍ നേടിയ വിജയം ധോണിയ്ക്കുമേല്‍ ക്യാപ്റ്റനെന്ന നിലയില്‍ സമ്മര്‍ദ്ദമേറ്റും. കളിക്കാരനെന്ന നിലയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ധോണിക്ക് കഴിഞ്ഞില്ലെങ്കില്‍ വിമര്‍ശകര്‍ വിരമിക്കല്‍ ആവശ്യം ശക്തമാക്കും. 2015 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 92 റണ്‍സാണ് കളിക്കാരനെന്ന നിലയില്‍ ധോണിയുടെ അവസാനത്തെ ശ്രദ്ധേയമായ പ്രകടനം.