അങ്ങനെ ഒരു വര്‍ഷം കൂടി പടിയിറങ്ങിപ്പോകുമ്പോള്‍ സംഭവബഹുലമായിരുന്നു ക്രിക്കറ്റ് ലോകം. ഒരുപിടി ലോകറെക്കോര്‍ഡുകള്‍, പുത്തൻ താരോദയങ്ങള്‍, ചൂടൻ വിവാദങ്ങള്‍ അങ്ങനെ വാര്‍ത്തയിൽ ക്രിക്കറ്റ് നിറഞ്ഞുനിന്ന ഒരു വര്‍ഷം. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലുമെല്ലാം ടീം ഇന്ത്യ വിരാജിച്ച വര്‍ഷം, വിരാട് കോലിയെന്ന പ്രതിഭയുടെ തേരോട്ടം, വനിതാലോകകപ്പിൽ ഫൈനലിൽ തോറ്റെങ്കിലും തലയുയര്‍ത്തി ഇന്ത്യൻ വനിതകള്‍- അങ്ങനെ ഒട്ടേറെ സുന്ദരകാഴ്ചകളാണ് 2017 ക്രിക്കറ്റ് ആരാധകര്‍ക്ക് പകര്‍ന്നുനൽകിയത്. 2017ലെ സുപ്രധാന ക്രിക്കറ്റ് മുഹൂര്‍ത്തങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം...

അഭിമാനമുയര്‍ത്തി ഇന്ത്യൻ വനിതകള്‍...

2017ൽ നടന്ന ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യ റണ്ണേഴ്സ് അപ്പായി. സമ്മര്‍ദ്ദമുയര്‍ത്തിയ കലാശപ്പോരിൽ ഒമ്പത് റണ്‍സിനാണ് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനോട് തോറ്റത്. ഇംഗ്ലണ്ടിനെ 228ൽ ഒതുക്കിയെങ്കിലും ഇന്ത്യയുടെ മറുപടി 46 ഓവറിൽ 219 റണ്‍സിന് അവസാനിക്കുകയായിരുന്നു.

കേദാര്‍ ജാദവും കോലിയും അടിച്ചുതകര്‍ത്തു; 350 മറികടന്ന് ഇന്ത്യ

2017 ജനുവരി 15 വരെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 350 റണ്‍സിൽ കൂടുതൽ ഇന്ത്യ രണ്ടുതവണ മാത്രമാണ് പിന്തുടര്‍ന്ന് ജയിച്ചത്. എന്നാൽ മൂന്നു മൽസരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ കളിയിൽ ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കോലിയുടെയും കേദാര്‍ജാദവിന്റെയും മികവിൽ മറികടന്നു. കോലി 105 പന്തിൽ 122 റണ്‍സും കേദാര്‍ ജാദവ് 76 പന്തിൽ 122 റണ്‍സും അടിച്ചുകൂട്ടി. 1.5 ഓവര്‍ ബാക്കിനിൽക്കെയായിരുന്നു ഇന്ത്യയുടെ ജയം.

ആശിഷ് നെഹ്റയ്‌ക്ക് പുതിയ ഇന്നിംഗ്സ്

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് ആശിഷ് നെഹ്റ വിരമിച്ച വര്‍ഷമാണിത്. നവംബര്‍ ഒന്നിന് സ്വന്തം നാടായ ദില്ലിയിൽ ന്യൂസിലാന്‍ഡിനെതിരായ ടി20 ആയിരുന്നു നെഹ്റയുടെ അവസാന കളി. കളി അവസാനിപ്പിച്ച നെഹ്റയെ കോലിയും ധവാനുംചേര്‍ന്ന് തോളിലേറ്റിയാണ് യാത്രയാക്കിയത്. എന്നാൽ ക്രിക്കറ്റുമായുള്ള ബന്ധം മതിയാക്കാൻ നെഹ്റ തയ്യാറായിരുന്നില്ല. ടിവി കമന്റേറ്ററായി പുതിയ ഇന്നിഗ്സിന് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

ബോള്‍ ഓഫ് ആഷസുമായി സ്റ്റാര്‍ക്ക്

ക്രിക്കറ്റിലെ വിഖ്യാത മൽസരമാണ് ആഷസ് പരമ്പര. ക്രിക്കറ്റിന്റെ തലതൊട്ടപ്പൻമാരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ വാശിയും ആവേശവും വാനോളമുയരുന്നു. നിരവധി മഹാരഥൻമാര്‍ ആഷസ് പരമ്പരയുടെ ഭാഗമായിരുന്നിട്ടുണ്ട്. എന്നാൽ ആഷസ് പരമ്പരയിലെ ഏറ്റവും മികച്ച പന്ത് എന്ന് വിലയിരുത്തപ്പെടുന്ന ഒന്ന് കാണാനായത് ഈ വര്‍ഷമാണ്. എറൗണ്ട ദ വിക്കറ്റായി എറിഞ്ഞ മിച്ചൽ സ്റ്റാര്‍ക്കിന്റെ പന്ത് ഓഫസ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത് ലെഗ് സ്റ്റംപിലേക്ക് വരുമെന്ന് കരുതി ജെയിംസ് വിൻസ് പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ ബാറ്റ്‌സ്മാനെയും കാഴ്ചക്കാരെയും അമ്പരിപ്പിച്ചുകൊണ്ട് ഓഫസ്റ്റംപ് തെറിപ്പിക്കുന്നതാണ് കാണാനായത്.

കുൽദീപ് യാദവിന്റെ ഹാട്രിക്ക്

കൊൽക്കത്തയിൽ ഓസ്ട്രേലിയയ്ക്കെതിരെ ഹാട്രിക്ക് വീഴ്ത്തിക്കൊണ്ടായിരുന്നു കുൽദീപ് യാദവ് എന്ന പ്രതിഭയുടെ ഉദയം. ഒമ്പതാം ഏകദിനം മാത്രം കളിച്ച കുൽദീപ് യാദവ് ചേതൻശര്‍മ്മയ്‌ക്കും കപിൽദേവിനുംശേഷം ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ്.

ഓസ്ട്രേലിയയെ വിറപ്പിച്ച് ബംഗ്ലാദേശ്

ക്രിക്കറ്റിലെ ശിശുക്കളെന്ന പേര് മായ്‌ച്ചുകളഞ്ഞ ബംഗ്ലാദേശ് കരുത്തരായ ഓസ്ട്രേലിയയെ വിറപ്പിക്കുന്നതും 2017ൽ കാണാനായി. രണ്ടു മൽസര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഷാകിബ് അൽ ഹസന്റെ ഓള്‍റൗണ്ട് മികവിലാണ് ഓസ്‌ട്രേലിയയെ ബംഗ്ലാദേശ് കീഴടക്കിയത്. എന്നാൽ രണ്ടാം ടെസ്റ്റ് ജയിച്ച് ഓസ്‌ട്രേലിയ പരമ്പര സമനിലയാക്കി തടിതപ്പുകയായിരുന്നു. ഏതായാലും ദശാബ്ദങ്ങളോളം ക്രിക്കറ്റ് ലോകം അടക്കിഭരിച്ച ഓസ്‌ട്രേലിയയ്ക്കെതിരായ ജയം ബംഗ്ലാദേശിന് എക്കാലവും വളരെ സ്പെഷ്യലാണ്.

ബൂംറയുടെ നോബാളിൽ കൈവിട്ടുപോയ കിരീടം!

ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ ഒരു നോബോള്‍ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമാകുകയായിരുന്നു. ബൂംറയുടെ പന്തിൽ പാക് ഓപ്പണര്‍ ഫഖര്‍ സമൻ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. എന്നാൽ ബൂംറയുടെ പന്ത് നോബോളായിരുന്നു. അതിനുശേഷം ബാറ്റുചെയ്ത് ഫഖര്‍ സമൻ സെഞ്ച്വറിയടിക്കുകയും, ഇന്ത്യയെ 180 റൺസിന് പാകിസ്ഥാൻ തോൽപ്പിക്കുകയും ചെയ്തു. ഒരു ഐസിസി ചാംപ്യൻഷിപ്പിൽ, ഇതാദ്യമായാണ് ഇന്ത്യ, പാകിസ്ഥാനോട് തോൽക്കുന്നത്.

കോലിയുമായി തെറ്റി കുംബ്ലെ പടിയിറങ്ങി

അനിൽ കുംബ്ലെയുടെ കീഴിൽ വിജയം ശീലമാക്കിയ സംഘമായി ഇന്ത്യ കുതിക്കവെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ പടിയിറക്കം. 2016 ജൂലൈ മുതൽ 2017 മാര്‍ച്ചവരെയുള്ള കാലയളവിൽ അഞ്ച് ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി ജയിച്ചാണ് കോലി-കുംബ്ലെ സഖ്യം ഇന്ത്യയെ നയിച്ചത്. എന്നാൽ ഇതിനിടയിൽ കോലിയ്‌ക്കും കുംബ്ലെയ്‌ക്കുമിടയിൽ രൂപപ്പെട്ട അഭിപ്രായഭിന്നത് അതിരൂക്ഷമായി മാറിയിരുന്നു. ഐസിസി ചാംപ്യൻസ് ട്രോഫിക്കായി ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഇരുവരും വിരുദ്ധധ്രുവങ്ങളിലായിരുന്നു. കുംബ്ലെയുടെ നിലപാടുകളോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കാനും കോലി തയ്യാറായി. ഫൈനലിൽ ബദ്ധവൈരികളായ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന്റെ രണ്ടാംദിനം കുംബ്ലെ പരിശീലകസ്ഥാനം രാജിവെച്ചു. ബിസിസിഐയ്‌ക്ക് നൽകിയ രാജിക്കത്തിൽ, കോലിയ്‌ക്കെതിരെ പരാമര്‍ശവുമുണ്ടായിരുന്നു.

വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ

ക്രിക്കറ്റിലെ പുതിയ കറുത്തകുതിരകളായുള്ള അഫ്ഗാനിസ്ഥാന്റെ വളര്‍ച്ചയും 2017 കണ്ടു. ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ മുന്നിൽനിന്ന് നയിച്ച വെസ്റ്റിന്‍ഡീസിനെ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചത് റഷിദ് ഖാന്റെ മികവിലായിരുന്നു. വെറും 18 റണ്‍സ് വഴങ്ങി വെസ്റ്റിന്‍ഡീസിന്റെ ഏഴു വിക്കറ്റാണ് റഷിദ് പിഴുതത്.

ഇംഗ്ലണ്ടിൽ 17 വര്‍ഷത്തിനുശേഷം കരീബിയൻ ടെസ്റ്റ് വിജയം

ഷൈ ഹോപ്‌സിന്റെ ഇരട്ട സെഞ്ച്വറികളുടെ മികവിലാണ് വെസ്റ്റിന്‍ഡീസ് 2000ന് ശേഷം ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ തോൽപ്പിക്കുന്നത്. അഞ്ചുവിക്കറ്റിനായിരുന്നു കരീബിയൻ പടയുടെ വിജയം

പോണ്ടിംഗിനെ മറികടന്നു; ഇനി കോലിയ്ക്ക് മുന്നിൽ സച്ചിൻ മാത്രം

ഏകദിന സെഞ്ച്വറികളുടെ കാര്യത്തിൽ പോണ്ടിംഗിനെ മറികടന്ന കോലി, ഈ പട്ടികയിൽ രണ്ടാമതെത്തി. 31 സെഞ്ച്വറി നേടിയതോടെയാണിത്. ഇനി 49 സെഞ്ച്വറികള്‍ നേടിയിട്ടുള്ള സാക്ഷാൽ സച്ചിൻ മാത്രമാണ് കോലിയ്‌ക്ക് മുന്നിലുള്ളത്. 2017 പൂര്‍ത്തിയാകുമ്പോള്‍ ഏകദിനത്തിൽ കോലിയ്‌ക്ക് 32 സെഞ്ച്വറികളുണ്ട്.

ടി20യിൽ ഡേവിഡ് മില്ലറുടെ അതിവേഗ സെഞ്ച്വറി

ടി20യിൽ അതിവേഗ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍ സ്വന്തമാക്കിയതും 2017ൽ കണ്ടു. ബംഗ്ലാദേശിനെതിരെ വെറും 35 പന്തിൽനിന്നായിരുന്നു മില്ലറുടെ സെഞ്ച്വറി. ഒമ്പത് സിക്സറുകളും ഏഴു ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. എന്നാൽ ഈ റെക്കോര്‍ഡിന് ഒരു അവകാശി കൂടി വരുന്നത് 2017ന്റെ ഒടുവിൽ കാണാനായി. ഇന്ത്യൻതാരം രോഹിത് ശര്‍മ്മ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ച്വറി തികച്ചാണ് മില്ലര്‍ക്കൊപ്പം ചേര്‍ന്നത്.

ബെൻ സ്റ്റോക്കും അലക്‌സെ ഹെയ്ൽസും വിവാദത്തിൽ

തെരുവിൽ തല്ലുണ്ടാക്കിയതിന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക് അറസ്റ്റിലാകുന്നതും 2017ൽ കാണാനായി. ആഷസ് പരമ്പര തുടങ്ങാൻ രണ്ടുമാസം ബാക്കിയിരിക്കെയായിരുന്നു സംഭവം. അര്‍ദ്ധരാത്രിയിൽ ഒരു പബിൽവെച്ചാണ് സ്റ്റോക്ക് അടിയുണ്ടാക്കിയത്. ഇംഗ്ലീഷ് ക്രിക്കറ്റിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ അലക്‌സ് ഹെയ്ൽസും സ്റ്റോക്കിന് ഒപ്പമുണ്ടായിരുന്നു. ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

ശ്രീലങ്കയ്ക്കെതിരെ സിംബാബ്‌വെയുടെ ചരിത്രവിജയം

ശ്രീലങ്കയ്ക്കെതിരായ പരമ്പര സിംബാബ്‌വെ ജയിച്ചത് ക്രിക്കറ്റ് ലോകത്തെ ഈ വര്‍ഷത്തെ മറ്റൊരു പ്രധാന സംഭവമാണ്. സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് മികവിലായിരുന്നു സിംബാബ്‌വെയുടെ ജയം. ഈ ജയം കടുത്ത പ്രതിസന്ധി നേരിടുന്ന സിംബാബ്‌വെ ക്രിക്കറ്റിന് വലിയ ഊര്‍ജ്ജമേകിയിട്ടുണ്ട്.

രോഹിത് ശര്‍മ്മയുടെ രണ്ട് ലോക റെക്കോര്‍ഡുകള്‍

വിവാഹത്തിനായി അവധിയിൽപ്പോയ വിരാട് കോലിയ്ക്ക് പകരം ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത രോഹിത് ശര്‍മ്മ രണ്ടു ലോകറെക്കോര്‍ഡുകള്‍ സ്ഥാപിച്ചത് വര്‍ഷാന്ത്യത്തിലാണ്. ഏകദിന ക്രിക്കറ്റിൽ മൂന്നു ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡിന് പിന്നാലെ ടി20യിലെ അതിവേഗ സെഞ്ച്വറിയെന്ന ഡേവിഡ് മില്ലറുടെ റെക്കോര്‍ഡിനൊപ്പം എത്തുകയും ചെയ്തു.

സ്റ്റീവ് സ്‌മിത്തിന്റെ വിഖ്യാത ഡബിള്‍...

ആഷസിൽ ഇംഗ്ലണ്ടിനെതിരെ ഇരട്ടസെഞ്ച്വറി നേടി ഓസ്ട്രേലിയൻ നായകൻ ചരിത്രം കുറിച്ചു. മൂന്നാം ടെസ്റ്റും ജയിച്ച് ഇത്തവണത്തെ ആഷസ് പരമ്പര നേടാൻ ഈ സെഞ്ച്വറി ഓസ്‌ട്രേലിയയെ സഹായിച്ചു. ഈ സെഞ്ച്വറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഡൊണാള്‍ഡ‍് ബ്രാഡ്മാനോട് സ്‌മിത്തിനെ താരതമ്യം ചെയ്യാനും ക്രിക്കറ്റ് വിദഗ്ദ്ധര്‍ തയ്യാറായി.

ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ഉലച്ച വേതനത്തര്‍ക്കം

വേതനക്കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും കളിക്കാരുടെ സംഘടനയായ ഓസ്‌ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതും ഈ വര്‍ഷം കണ്ടു. ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ ബംഗ്ലാദേശ് പര്യടനം, ആഷസ് പരമ്പര എന്നിവയിൽനിന്ന് വിട്ടുനിൽക്കുമെന്ന് കളിക്കാര്‍ ഭീഷണിപ്പെടുത്തി. പുതിയ വേതന സമ്പ്രദായം ഓഗസ്റ്റിൽ പ്രഖ്യാപിച്ചതോടെയാണ് ഈ തര്‍ക്കത്തിന് വിരാമമായത്.

തുടര്‍ വിജയത്തിൽ ഇന്ത്യയ്‌ക്ക് റെക്കോര്‍ഡ്

ഒരു മുഴുനീള പരമ്പരയിലെ തുടര്‍വിജയത്തിൽ ഇന്ത്യ റെക്കോര്‍ഡിടുന്നതും കാണാനായി. ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ്-ഏകദിന-ടി20 മൽസരങ്ങളിലായി തുടര്‍ച്ചയായി ഒമ്പത് വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ക്രിക്കറ്റിൽ ഇത് രണ്ടാം തവണയാണ് ഒരു ടീം ഒരേ പരമ്പരയിലെ 9 മൽസരങ്ങളിൽ തുടര്‍ച്ചയായി ജയിക്കുന്നത്. 2009-10 സീസണിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയ തുടര്‍ച്ചയായി ഒമ്പത് മൽസരങ്ങളിൽ ജയിച്ചിരുന്നു.