ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ കളിക്കാരുടെ പ്രതിഫലം ഇരട്ടിയാക്കി. അന്തിമ ഇലവനിലെത്തുന്ന കളിക്കാര്‍ക്ക് ഇനി മുതല്‍ 15 ലക്ഷം രൂപ വീതം ഒരു ടെസ്റ്റിന് ലഭിക്കും. നിലവില്‍ 7 ലക്ഷം രൂപയാണ് പ്രതിഫലം. റിസര്‍വ്വ് കളിക്കാരുടെ പ്രതിഫലം ഏഴ് ലക്ഷമാക്കി ഉയര്‍ത്താനും മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ തീരുമാനമായി. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് നടപടിയെന്ന് ബിസിസിഐ പ്രസിഡന്‍റ് അനുരാഗ് താക്കൂര്‍ വിശദീകരിച്ചു. അതേസമയം ലോധാ സമിതി നിര്‍ദേശങ്ങള്‍ ബിസിസിഐ നടപ്പാക്കാത്തതിനാല്‍ ശമ്പളവര്‍ധന സുപ്രീം കോടതി മരവിപ്പിക്കുമെന്ന് ആശങ്കയുണ്ട്.