അയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധം; ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

First Published 7, Mar 2018, 12:57 PM IST
cricketer Mohammed Shami Wife accuses of assault and extramarital affair
Highlights

താന്‍ പുറത്തുവിട്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇതിലും ഭയാനകമാണ് ഷമിയുടെ പ്രവര്‍ത്തികളെന്നും ഹാസിന്‍ ആരോപിക്കുന്നു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഷമിക്കെതിരെ ഗുരുത ആരോപണങ്ങളുമായി ഭാര്യ ഹാസിന്‍ ജഹാന്‍ രംഗത്ത്. ഷാമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും ഹാസിന്‍ ആരോപിച്ചു. ഷാമിയുടെ പരസത്രീ ബന്ധങ്ങള്‍ തെളിയിക്കാനായി വാട്സ് ആപ്പിലെയും ഫേസ്‌ബുക്കിലെയും ചിത്രങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും ഹാസിന്‍ പുറത്തുവിട്ടിട്ടുണ്ട്.

താന്‍ പുറത്തുവിട്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇതിലും ഭയാനകമാണ് ഷമിയുടെ പ്രവര്‍ത്തികളെന്നും ഹാസിന്‍ ആരോപിക്കുന്നു. ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഹസിന്‍ എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ആവര്‍ത്തിച്ചു. ഷമിയുടെ കുടുംബത്തിലെ എല്ലാവരും തന്നെ പീഡിപ്പിക്കുകയാണെന്നും ഇക്കാര്യം ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ലെന്നും ഹാസിന്‍ അഭിമുഖത്തില്‍ പറയുന്നു. 2014ലെ ഐപിഎല്ലില്‍ ഡല്‍ഹിക്കായി കളിക്കുമ്പോള്‍ താന്‍ സമ്മാനമായി നല്‍കിയ ഫോണ്‍ ഷമി കാറില്‍ ഒളിച്ചുവെച്ചത് കണ്ടുപിടിച്ചുവെന്നും അതില്‍ വിവാഹേതര ബന്ധത്തെപ്പറ്റിയുള്ള തെളിവുകളുണ്ടായിരുന്നുവെന്നും ഹാസിന്‍ ആരോപിക്കുന്നു.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഷമി തന്നോട് മോശമായി പെരുമാറിയെന്നും തല്ലിയെന്നും ഹാസിന്‍ പറയുന്നു. ഷമിയുടെ സഹോദരനും അമ്മയും തന്നോട് മോശമായി പെരുമാറാറുണ്ട്. അവര്‍ തന്നെ കൊല്ലാന്‍പോലും ശ്രമിച്ചുവെന്നും കുറച്ചുകാലമായി ഇതൊക്കെ അനുഭവിച്ച് തനിക്ക് മതിയായയെന്നും ഹസിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസമയം ഹസിന്റ ആരോപണങ്ങള്‍ക്ക് ഷമി ട്വിറ്ററിലൂടെ മറുപടി നല്‍കി. തന്റെ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഷമി പ്രതികരിച്ചു.

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ് ഷമിയിപ്പോള്‍. ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തില്‍ ഷമി അന്തിമ ഇലവനില്‍ ഇടം നേടിയിരുന്നില്ല.2014 ജൂണിലാണ് ഷമിയും ഹാസിനും വിവാഹിതരായത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.

loader