മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്സലോണയ്ക്കെതിരായ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റഫറിയെ പിടിച്ചുതള്ളിയതിന് ചുവപ്പുകാര്‍ഡ് ലഭിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഞ്ച് മത്സരങ്ങളില്‍ നിന്നുകൂടി വിലക്കി.ചുവപ്പുകാര്‍ഡ് ലഭിച്ചതിനാല്‍ ബാഴ്സലോണയ്ക്കെതിരായ റിട്ടേണ്‍ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാനാവില്ല. ഇതിനുപുറമെ നാല് മത്സരങ്ങളില്‍ നിന്നുകൂടിയാണ് റൊണാള്‍ഡോയെ വിലക്കിയിരിക്കുന്നത്. ഇതോടെ സ്പാനിഷ് ലാ ലിഗയിലെ റയലിന്റെ ആദ്യ മത്സരങ്ങളും റൊണാള്‍ഡോയ്ക്ക് നഷ്ടമാവും.

ബാഴ്സലോണയ്ക്കെതിരെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റൊണാള്‍ഡോ ഗോളടിച്ചശേഷം ഷര്‍ട്ടൂരി ആഘോഷിച്ചതിന് ആദ്യം മഞ്ഞക്കാര്‍ഡ് കണ്ടു. ഇതിനുശേഷം പെനല്‍റ്റി ലഭിക്കാനായി ഡൈവ് ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടതോടെ റൊണാള്‍ഡോ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നു. എന്നാല്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെ രോഷാകുലനായ റൊണാള്‍ഡോ റഫറിയെ പിടിച്ചു തള്ളിയിരുന്നു.

റൊണാള്‍ഡോയുടെ നടപടി അച്ചടക്കലംഘനമാണെന്ന് റഫറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.