മാഡ്രിഡ്: ഫുട്ബോള്‍ മൈതാനത്ത് ഈ വര്‍ഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിജയഗാഥ. ഗോള്‍ വേട്ടയില്‍ ഹാരി കെയ്‌നും ലിയോണല്‍ മെസിക്കും പിന്നിലായെങ്കിലും റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ തന്നെയാണ് 2017ലെ മികച്ച ഫുട്ബോള്‍ താരം. ബാലന്‍ ഡി ഓര്‍, ലോകഫുട്ബോളര്‍ പുരസ്കാരങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ സ്പോര്‍ട്സ് പേഴ്സണ്‍ പുരസ്കാരവും റൊണാള്‍ഡോയെ തേടിയെത്തി.

റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, ലാലിഗ, ക്ലബ് ലോകകപ്പ്, സ്‌പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടങ്ങളും റൊണാള്‍ഡോ നേടിയിരുന്നു. ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമിള്‍ട്ടണെയും ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറേയും മറികടന്നാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം. ലോകത്തെ 26 വാര്‍ത്താ ഏജന്‍സികള്‍ ചേര്‍ന്ന് നടത്തിയ വോട്ടെടുപ്പില്‍ 152 പോയിന്‍റ് റയല്‍ താരത്തിന് ലഭിച്ചു. 

രണ്ടാമതെത്തിയ ഹാമിള്‍ട്ടണ് 143 പോയിന്‍റും മൂന്നാമനായ ഫെഡറര്‍ക്ക് 124 പോയിന്‍റും വീതമുണ്ട്. ടോട്ടന്‍ഹാമിന്‍റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ 55 ഗോളുകളുമായാണ് ആ വര്‍ഷത്തെ ഗോള്‍വേട്ടക്കാരന്‍ പട്ടം സ്വന്തമാക്കിയത്. ലിയോണല്‍ മെസി 54 ഗോളും റൊണാള്‍ഡോയും ലെവന്‍ഡോവ്സ്കിയും, കവാനിയും 53 ഗോളുകള്‍ വീതവുമാണ് നേടിയത്.