ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനെ സ്വന്തമാക്കാത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. ചെന്നൈ നിരയിലെ പരിചയസമ്പന്നനായ അശ്വിന് പകരം വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെയാണ് ടീം സ്വന്തമാക്കിയത്. അശ്വിനെ ടീമിലെത്തിക്കുമെന്ന് ലേലത്തിന് മുമ്പ് പരസ്യമായി പറഞ്ഞ ധോണി ഒടുവില്‍ കളംമാറുകയായിരുന്നു. 

ലേലത്തില്‍ അശ്വിനായി കടുത്ത മത്സരത്തിന് ചെന്നൈ തയ്യാറായില്ല. എന്നാല്‍ അശ്വിന് പകരം ഹര്‍ഭജനെ സ്വന്തമാക്കാന്‍ ചെന്നൈ തയ്യാറായത് ധോണിയുടെ നിര്‍ബന്ധം പ്രകാരമാണെന്ന് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നു. ഹര്‍ഭജനെ ടീമിലെത്തിക്കണമെന്ന് ധോണി തങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി ടീം സിഇഒ വ്യക്തമാക്കിയതോടെയാണ് ധോണിയുടെ ഇരട്ടത്താപ്പ് പൊളിഞ്ഞത്. 

ചെന്നൈയില്‍ തിരികെ എത്താത്തതില്‍ ദുഖവാനാണെന്ന് അശ്വിന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത. 37കാരനായ ഹര്‍ഭജന്‍ കൂടി ടീമിലെത്തിയതോടെ വയസന്‍ പടയെന്ന് സൂപ്പര്‍ കിംഗ്സ് പഴികേട്ടിരുന്നു. എന്നാല്‍ മത്സരങ്ങള്‍ ജയിക്കാന്‍ യുവതാരങ്ങള്‍ വേണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ബാജിയുടെ പ്രതികരണം.