വിജയത്തോടെ ശക്തരായ ഓസ്ട്രേലിയയെ നേരിടേണ്ടത് ഇന്ത്യയ്ക്ക് ഒഴിവാക്കാനായി. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടും.

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാടകീയ ജയം. ലീഡ് നില മാറി മറിഞ്ഞ കളിയില്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയുള്ളപ്പോള്‍ വിജയഗോള്‍ നേടി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയും ജയം.

52-ാം മിനുട്ട് വരെ 2-1നു ലീഡുണ്ടായിരുന്ന ഇന്ത്യ അടുത്ത നാലു മിനിട്ടിനുള്ളില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വി വഴങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ 58-ാം മിനുട്ടില്‍ സമനില ഗോളും സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വിജയ ഗോളും നേടി ഇന്ത്യ തങ്ങളുടെ വിജയം ഉറപ്പിച്ചു.

അവസാന പത്ത് മിനുട്ട് വരെ 1-1 സമമനിലയിലായിരുന്നു മത്സരം. പകുതി സമയത്ത് ഡേവിഡ് കോണ്ടോണിന്റെ ഗോളില്‍ ഇംഗ്ലണ്ടായിരുന്നു ലീഡ് ചെയ്തത്. രണ്ടാം പകുതി തുടങ്ങി രണ്ട് മിനുട്ട് കഴിഞ്ഞപ്പോള്‍ മന്‍ദീപ് സിംഗ് ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തി.

51-ാം മിനുട്ടില്‍ രൂപീന്ദര്‍ പാല്‍ സിംഗിന്റെ തകര്‍പ്പന്‍ ഫ്ലിക്കിലൂടെ ഇന്ത്യ ലീഡ് നേടിയെങ്കിലും തൊട്ടടുത്ത മിനുട്ടില്‍ ഇംഗ്ലണ്ട് ഗോള്‍ മടക്കി. ലിയാം ആന്‍സെല്‍ ആയിരുന്നു സ്കോറര്‍. 56-ാം മിനുട്ടില്‍ സാം വാര്‍ഡ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്‍ നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. എന്നാല്‍ വരുണ്‍ കുമാറും മന്‍ദീപ് സിംഗും നേടി ഗോളില്‍ ഇന്ത്യ മത്സരം വിജയിച്ചു.

ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയ്ക്ക് സെമിയില്‍ ന്യൂസിലാണ്ടാണ് എതിരാളികള്‍. വിജയത്തോടെ ശക്തരായ ഓസ്ട്രേലിയയെ നേരിടേണ്ടത് ഇന്ത്യയ്ക്ക് ഒഴിവാക്കാനായി. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടും.