കേപ്‌ടൗണ്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന് തിരിച്ചടി. പരിക്കേറ്റ സ്റ്റെയ്ന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാവില്ല. ഇതോടെ ഷോണ്‍ പൊള്ളോക്കിനെ മറികടന്ന് ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ദക്ഷിണാഫിക്കന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കുള്ള അവസരം പരമ്പരയില്‍ സ്റ്റെയ്ന് നഷ്ടമാകും. സ്റ്റെയ്ന്‍ 86 ടെസ്റ്റില്‍ 419 വിക്കറ്റുകളും ഷോണ്‍ പൊള്ളോക്ക് 108 മത്സരങ്ങളില്‍ 421 വിക്കറ്റുകളുമാണ് നേടിയിട്ടുള്ളത്.

ആദ്യ ഇന്നിംഗ്സില്‍ തന്‍റെ പതിനെട്ടാം ഓവറിൽ ഉപ്പൂറ്റിക്ക് പരുക്കേറ്റ സ്റ്റെയ്ൻ കളിക്കളം വിടുകയായിരുന്നു. സ്റ്റെയ്ന് കുറഞ്ഞത് ആറാഴ്ചത്തെ എങ്കിലും വിശ്രമം വേണ്ടിവരും. ആദ്യ ഇന്നിംഗ്സിൽ സ്റ്റെയ്ൻ 51 റൺ വഴങ്ങി ധവാന്‍റെയും സാഹയുടെയും വിക്കറ്റ് വീഴ്ത്തിയിരുന്നു. ചുമലിന് ശസ്ത്രക്രിയ നടത്തിയ സ്റ്റെയ്ൻ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തിയത്. എന്നാല്‍ തിരച്ചുവരവ് ഗംഭീരമാക്കിയ താരത്തിന് ഇന്ത്യക്കെതിരെ റെക്കോര്‍ഡ് മറികടക്കാനാവില്ല.