മുംബൈ: ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് പ്രോഗ്രാമിലാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ പ്രസ്താവന സച്ചിനെ തട്ടിക്കൊണ്ട് പോകണം, ഇതിന് വിഷയമായത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കുന്ന സാഹചര്യത്തില്‍ നടന്ന ചര്‍ച്ചയും.

പരമ്പരയിലെ ഇംഗ്ലണ്ടിന്‍റെ പ്രകടനത്തെക്കുറിച്ച് കാമറൂണ്‍ സംസാരിക്കുകയായിരുന്നു.  ആദ്യ മത്സരത്തിലെ സമനിലയും വിശാഖപട്ടണത്തിലേയും മൊഹാലിയിലേയും തോല്‍വിയും ഇംഗ്ലണ്ടിനെ പരമ്പരയില്‍ പിന്നിലാക്കിയിരിക്കുകയാണ്. 

പരമ്പരയിലെ നാലാം ടെസ്റ്റ് മുംബൈയില്‍ നടക്കാനിരിക്കുകയാണ്. വിജയവഴിയില്‍ തിരികെയെത്താന്‍ ഇംഗ്ലണ്ട് എന്ത് ചെയ്യണമെന്ന് കാണികളിലൊരാള്‍ ചോദിച്ചപ്പോഴാണ് കാമറൂണിന്‍റെ രസകരമായ മറുപടി വന്നത്. ലീഡര്‍ഷിപ്പ് പ്രോഗ്രാമിമായി സച്ചിനും വരുന്നുണ്ടെന്നാണ് അറിഞ്ഞത്. അങ്ങനെയെങ്കില്‍ സച്ചിനെ തട്ടികൊണ്ട് പോയി ഇതിഹാസതാരത്തില്‍ നിന്നും നേരിട്ട് കളിപഠിക്കുകയും പരിശീലനം തേടുകയും ചെയ്യേണ്ടി വരുമെന്നായിരുന്നു കാമറൂണിന്‍റെ മറുപടി.

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോ റൂട്ടിനെയും നായകന്‍ അലിസ്റ്റര്‍ കുക്കിനേയും പ്രശംസിക്കാനും കാമറൂണ്‍ മറന്നില്ല. 2011 ല്‍ എംഎസ് ധോണി നയിച്ച ഇന്ത്യന്‍ ടീമിനെ ഇംഗ്ലണ്ട് 4-0 ന് തകര്‍ത്തതിന്‍റെ ഓര്‍മ്മകളിലേക്ക് പോവുകയും ചെയ്തു കാമറൂണ്‍. ക്രിക്കറ്റില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ സ്വാഭാവികമാണെന്നും ഇംഗ്ലണ്ട് തിരിച്ച് വരുമെന്നും അതിനുള്ള കഴിവും ആര്‍ജ്ജവവും ടീമിനുണ്ടെന്നും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.