ജൊഹന്നസ്ബര്‍ഗില്‍ നാളെയാണ് പാക്കിസ്ഥാനെതിരെ രണ്ടാം ടി20. ഫാഫ് ഡുപ്ലസിസിന് പകരം ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഡേവിഡ് മില്ലര്‍ നയിക്കും.

ജൊഹന്നസ്ബര്‍ഗ്: പാക്കിസ്ഥാനെതിരെ അവശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഡേവിഡ് മില്ലര്‍ നയിക്കും. ആദ്യ ടി20യില്‍ ടീമിനെ നയിച്ച ഫാഫ് ഡുപ്ലസിസിന് വിശ്രമം അനുവദിച്ചതോടെയാണിത്. കേപ്‌ടൗണില്‍ നടന്ന ആദ്യ മത്സരത്തില്‍ പ്രോട്ടീസ് ആറ് റണ്‍സിന് വിജയിച്ച് 1-0ന് ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. 

ആദ്യ ടി20യില്‍ ഫീല്‍ഡിംഗ് മികവ് കാഴ്‌ചവെച്ച് മില്ലര്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. നാല് ക്യാച്ചുകള്‍ സ്വന്തമാക്കിയ മില്ലര്‍ പാക്കിസ്ഥാന്‍റെ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്‌വാനെയും റണ്‍ഔട്ടാക്കുകയും ചെയ്തു. എന്നാല്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഡുപ്ലസി കളിക്കാത്തത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാവും. ആദ്യ ടി20യില്‍ 45 പന്തില്‍ 78 റണ്‍സെടുത്തിരുന്നു.

ജൊഹന്നസ്ബര്‍ഗില്‍ നാളെയാണ് രണ്ടാം ടി20. കേപ്‌ടൗണില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. ഡുപ്ലസിസ് ആയിരുന്നു ടോപ് സ്‌കോറര്‍. എന്നാല്‍ മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 186 റണ്‍സെടുക്കനേ കഴിഞ്ഞുള്ളൂ.