ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ മഹേന്ദ്രസിംഗ് ധോണിയുടെ ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കാണാനായത്. സെഞ്ച്വറി നേടിയെന്നത് മാത്രമല്ല, ധോണിയുടെ ഇന്നിംഗ്സിന് തിളക്കമേകുന്നത്. ഏകദിന ക്രിക്കറ്റിൽ 200 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചുകൊണ്ടാണ് ധോണി കളംവിട്ടത്. ആറു സിക്സറുകളാണ് ധോണി ഇന്നു നേടിയത്. ഏകദിനത്തിൽ 2013ന് ശേഷം ധോണി നേടുന്ന ആദ്യ സെഞ്ച്വറിയാണ് കട്ടക്കിലേത്. 2013ൽ ഓസ്ട്രേലിയയ്ക്കെതിരെ ജയ്പുരിൽ നേടിയ 139 റൺസാണ് ധോണി ഇതിന് മുമ്പ് നേടിയ സെഞ്ച്വറി. 46 ഇന്നിംഗ്സുകൾക്കു ശേഷമാണ് ധോണി മൂന്നക്കത്തിൽ എത്തുന്നത്. കരിയറിലെ പത്താം ഏകദിന സെഞ്ച്വറി കൂടിയാണ് ധോണി നേടിയത്. 106 പന്തിൽ ഒമ്പത് ബൌണ്ടറികളും മൂന്നു സിക്സറുകളും ഉൾപ്പടെയാണ് ധോണി മൂന്നക്കത്തിൽ എത്തിയത്. നാലാം വിക്കറ്റിൽ യുവരാജിനൊപ്പം ചേർന്ന് 254 റൺസ് കൂട്ടിച്ചേർക്കാനും മുൻ ഇന്ത്യൻ നായകനായി. മൂന്നിന് 25 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ യുവരാജ്-ധോണി സഖ്യമാണ് മികച്ച സ്കോറിൽ എത്തിച്ചത്.