മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുന്നു. പുതിയ ശമ്പള വ്യവസ്ഥ നടപ്പാക്കുന്നതിന് മുന്നോടിയായി താരങ്ങളെ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി തരംതിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും താരങ്ങളുടെ പ്രതിഫലം. പുതിയ ഗ്രേഡിങ് നടപ്പാക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ നായകൻ വിരാട് കോലി, മുൻനായകൻ എം എസ് ധോണി, പരിശീലകൻ രവി ശാസ്‌ത്രി എന്നിവരുമായി ബിസിസിഐ അധികൃതര്‍ നവംബര്‍ 30ന് കൂടിക്കാഴ്‌ച നടത്തിയിരുന്നു. കളിക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് പ്രതിഫലവും ഗ്രേഡിങ്ങും നിശ്ചയിക്കുക. ഇതനുസരിച്ച് ബിസിസിഐയുടെ ഉയര്‍ന്ന ഗ്രേഡിങ് എം എസ് ധോണിക്ക് നഷ്‍ടമായേക്കുമെന്നാണ് സൂചന. ഇനിമുതൽ ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മൂന്നു ഫോര്‍മാറ്റുകളിലും കളിക്കുന്നവരെ മാത്രമെ എ പ്ലസിൽ ഉള്‍പ്പെടുത്തുകയുള്ളു. ടെസ്റ്റിൽനിന്ന് വിരമിച്ചതിനാൽ ധോണിക്ക് സ്വാഭാവികമായും എ പ്ലസ് ഗ്രേഡിങ് നഷ്‌ടമാകും. ഐസിസി റാങ്കിംഗിൽ മുന്നിൽനിൽക്കുന്ന കളിക്കാര്‍ക്കും ഉയര്‍ന്ന ഗ്രേഡിങ് ബിസിസിഐ അനുവദിക്കും. കഴിഞ്ഞ വര്‍ഷത്തെ ബിസിസിഐ കരാര്‍ പ്രകാരം ഇരട്ടിയിലേറെ പ്രതിഫല വര്‍ദ്ധനവ് ലഭിച്ചിരുന്നു. ഒരു കോടി രൂപ പ്രതിഫലം ലഭിച്ചിരുന്ന എ വിഭാഗത്തിൽപ്പെടുന്നവര്‍ക്ക് 2017ൽ രണ്ടുകോടി രൂപയായി വര്‍ദ്ധിച്ചിരുന്നു. ഇത്തവണ വീണ്ടും പ്രതിഫലം വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന.