ദില്ലി: ആരാധകരെ ആവേശം കൊള്ളിച്ച് മഹേന്ദ്രസിംഗ് ധോണി. ക്യാപ്റ്റ്ന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും, ബാറ്റിംഗിലെ ആവേശം കൈവിടില്ലെന്നാണ് ധോണി പറയുന്നത്. പറ്റിയ പന്തുകള്‍ കിട്ടിയാല്‍ സിക്‌സറുകള്‍ അടിച്ചുകൂട്ടുമെന്ന് ധോണി പറയുന്നു. ആക്രമിച്ചുകളിക്കുന്ന ശൈലിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ധോണി പറഞ്ഞു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ സന്നാഹമല്‍സരത്തിനുശേഷം യുവരാജ് സിംഗിനൊപ്പം നടത്തിയ വീഡിയോ ചാറ്റിലാണ് ധോണി ഇക്കാര്യങ്ങള്‍ പറഞ്ഞത്. മോശം പന്തുകള്‍ കിട്ടിയാല്‍ തീര്‍ച്ചയായും സിക്‌സറുകള്‍ പറത്തിയിരിക്കുമെന്നാണ് യുവരാജിനോടായി ധോണി പറഞ്ഞത്. പത്തുവര്‍ഷം പിന്നിട്ട ക്രിക്കറ്റ് കരിയര്‍ താന്‍ ശരിക്കും ആസ്വദിച്ചു. യുവിയെ പോലെയുള്ള കളിക്കാര്‍ക്കൊപ്പം കളിക്കാനായത് വളരെ നല്ല കാര്യമായാണ് കാണുന്നത്. ഒരോവറില്‍ ആറു സിക്‌സറടിച്ച യുവിയുടെ കളിയെയും ധോണി പരാമര്‍ശിച്ചു. യുവിയുടെ ആറു സിക്‌സറുകളും നന്നായി ആസ്വദിച്ചുവെന്നും ധോണി പറഞ്ഞു. അന്ന് സ്റ്റുവര്‍ട്ട് ബ്രോഡിനെ അടിച്ചുപറത്തിയപ്പോള്‍ യുവിക്കൊപ്പം നോണ്‍ സ്ട്രൈക്കറായി ഉണ്ടായിരുന്നത് ധോണിയായിരുന്നു. തന്റെ കാലത്തെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണിയെന്ന് യുവരാജ് പറഞ്ഞു. ധോണിയുടെ കീഴില്‍ കളിച്ച കാലം ഒരിക്കലും മറക്കാനാകില്ല. രണ്ടു ലോകകപ്പ് വിജയങ്ങള്‍ ജീവിതത്തിലെ അവിസ്‌മരണീയമായ കാര്യങ്ങളാണ്. ധോണിയുടെ കീഴില്‍ ടെസ്റ്റില്‍ ഇന്ത്യ ഒന്നാം റാങ്കില്‍ എത്തിയപ്പോഴും താന്‍ ടീമില്‍ ഉണ്ടായിരുന്നുവെന്ന കാര്യം യുവി അനുസ്‌മരിച്ചു. തനിക്ക് നല്‍കിയ അവസരങ്ങള്‍ക്ക് യുവരാജ് ധോണിയോട് നന്ദി പറഞ്ഞു. 

ധോണിയുമൊത്തുള്ള വീഡിയോ ചാറ്റ് യുവരാജ് പിന്നീട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.