ലോകകപ്പില്‍ ബാറ്റ് കൊണ്ടും ബോളുകൊണ്ടും മിന്നുന്ന ഫോമിലുള്ള യുവ്‍രാജിന് പകരമുള്ള ധോണിയുടെ വരവ് പലരുടെയും നെറ്റി ആ സമയത്ത് ചുളിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ വിജയത്തില്‍ ആ തീരുമാനമാണ് ഏറെ നിര്‍ണായകമായത്

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇന്നും മറക്കാത്ത ഒരു ദൃശ്യമാണ് 2011 ലോകകപ്പ് കലാശ പോരാട്ടത്തില്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്ന സിക്സറിലൂടെ വിശ്വകിരീടത്തില്‍ നീലപ്പട മുത്തമിടുന്നത്. ശ്രീലങ്കയുടെ പോരാട്ട വീര്യത്തെ അപ്രസക്തമാക്കി വിജയം നുകരുമ്പോള്‍ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റനും അന്നും ചരിത്രമായി.

അന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ജയവര്‍ധനയുടെ സെഞ്ച്വറി മികവില്‍ ആറ് വിക്കറ്റിന് 274 റണ്‍സ് പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സെവാഗിനെയും സച്ചിനെയും തുടക്കത്തിലേ നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്ന ഗൗതം ഗംഭീറും വിരാട് കോലിയും തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റി.

എന്നാല്‍, കോലി പുറത്തയപ്പോള്‍ ഏവരെയും ആശ്ചര്യപ്പിച്ച് നായകന്‍ ധോണി കളത്തിലെത്തി. ലോകകപ്പില്‍ ബാറ്റ് കൊണ്ടും ബോളുകൊണ്ടും മിന്നുന്ന ഫോമിലുള്ള യുവ്‍രാജിന് പകരമുള്ള ധോണിയുടെ വരവ് പലരുടെയും നെറ്റി ആ സമയത്ത് ചുളിപ്പിച്ചിരുന്നു.

എന്നാല്‍, ഇന്ത്യന്‍ വിജയത്തില്‍ ആ തീരുമാനമാണ് ഏറെ നിര്‍ണായകമായത്. അവസാനം ധോണി പറത്തിയ സിക്സറിലൂടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്‍ ലോകകപ്പ് വിജയം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ എന്തിന് നാലാമനായി ബാറ്റിംഗിനിറങ്ങി എന്ന് ധോണി തന്നെ വ്യക്തമാക്കുകയാണ്.

ശ്രീലങ്കയിലെ പല ബൗളേഴ്സും താന്‍ നായകനായ ചെന്നെെ സൂപ്പര്‍ കിംഗസിന്‍റെ ഭാഗമായിട്ടുണ്ട്. അപ്പോള്‍ മുത്തയ്യ മുരളീധരനാണ് ശ്രീലങ്കയ്ക്കായി പന്തെറിഞ്ഞത്. അദ്ദേഹത്തിനെതിരെ ഒരുപാട് സമയം നെറ്റ്സില്‍ പരിശീലിച്ചിട്ടുള്ളതിനാല്‍ അനായായമായി ബാറ്റ് ചെയ്യാനാകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നതായി ധോണി പറഞ്ഞു.

എം എസ് ധോണി റെസിഡന്‍ഷ്യല്‍ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടന ചടങ്ങിലാണ് ലോകകപ്പ് ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചത്. നായകനെന്ന നിലയില്‍ തന്‍റെ വിജയങ്ങള്‍ വിക്കറ്റ് കീപ്പര്‍മാരോടുള്ള ഇന്ത്യന്‍ സെലക്ടര്‍മാരുടെ മനോഭാവം വരെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. വിക്കറ്റ് കീപ്പര്‍മാര്‍ക്ക് നല്ല നായകനാകാന്‍ പറ്റില്ലെന്നാണ് അവര്‍ വിചാരിച്ചിരുന്നത്.

അധിക ഭാരം വിക്കറ്റ് കീപ്പര്‍മാരെ ഏല്‍പ്പിക്കുന്നത് നന്നായിരിക്കില്ലെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍, മത്സരത്തെ വിലയിരുത്താന്‍ ഏത് ക്യാപ്റ്റനും സഹായമാകുന്നത് കീപ്പര്‍മാരാണ്. കളി ഏറ്റവും അടുത്ത് നിന്ന് കാണുന്നത് കീപ്പര്‍മാരാണ്. നിര്‍ദേശങ്ങള്‍ നല്‍കി ഏത് ക്യാപ്റ്റന്‍റെയും സമര്‍ദങ്ങള്‍ കുറയ്ക്കാന്‍ കീപ്പര്‍മാര്‍ക്ക് കഴിയുമെന്നും ധോണി പറഞ്ഞു.