ജമ്മു കശ്മീര്‍: വിദേശത്ത് നടക്കുന്ന മല്‍സരങ്ങള്‍ക്ക് പരിശീലനത്തിന് കൂടുതല്‍ സമയം വേണമെന്ന് മഹേന്ദ്ര സിങ് ധോണി. തുടര്‍ച്ചയായുള്ള മല്‍സര ക്രമീകരണം പ്രകടനത്തെ ബാധിക്കുമെന്നും ധോണി പറഞ്ഞു. കളിക്കാര്‍ക്ക് പരിചിതമല്ലാത്ത സാഹചര്യങ്ങളുമായി ചേര്‍ന്ന് പോകാന്‍ പോലും സമയം ലഭിക്കാത്ത രീതിയിലാണ് മല്‍സരങ്ങള്‍ ക്രമീകരിക്കുന്നതെന്നും അത് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ധോണി ആവശ്യപ്പെടുന്നു. വിദേശത്ത് നടക്കുന്ന മല്‍സരങ്ങളുടെ ഫലം മെച്ചപ്പെടണമെങ്കില്‍ അവിടെ വച്ച് പരിശീലനത്തിനും സമയം ലഭിക്കേണ്ടതുണ്ടെന്നും ധോണി കൂട്ടിച്ചേര്‍ത്തു. 

ദക്ഷിണാഫ്രിക്കയില്‍ വച്ച് നടക്കുന്ന ടെസ്റ്റ് മല്‍സരങ്ങള്‍ക്ക് പരിശീലനത്തിന് വളരെ കുറവ് സമയം മാത്രമാണ് ലഭിക്കുകയെന്ന് ധോണി വിശദമാക്കി. പാക്കിസ്ഥാനുമായി മല്‍സരമുണ്ടാകുമോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ധോണി പറഞ്ഞു. കായിക മല്‍സരങ്ങളും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ലാത്തതാണെങ്കില്‍ കൂടിയും ഇന്ത്യ പാകിസ്ഥാന്‍ മല്‍സരങ്ങള്‍ വെറും ക്രിക്കറ്റ്മല്‍സരം മാത്രമല്ലെന്നും അതിനൊരു രാഷ്ട്രീയമുഖം കൂടിയുണ്ടെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രതികരിച്ചു. 

നേരത്തെ മൽസരങ്ങൾക്കു മുൻപ് വേണ്ടത്ര വിശ്രമം നല്‍കാതെ തുടര്‍ച്ചയായി പരമ്പരകള്‍ ആസൂത്രണം ചെയ്യുന്ന ബിസിസിഐയുടെ നടപടിക്കെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. പരമ്പരകള്‍ ആസൂത്രണം ചെയ്യുന്നതിലെ പിഴവാണ് ചില മല്‍സരങ്ങള്‍ തോല്‍ക്കാന്‍ കാരണമെന്നും കോലി പറഞ്ഞിരുന്നു.