കട്ടക്ക്: വിഖ്യാതമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ കരുത്താര്‍ന്ന ലോംഗ് സൈഡ് ഷോട്ടുകള്‍. ലോംഗ് ഓണില്‍ നോണ്‍ സ്‌ട്രൈക്കറുടെയും അംപയറുടെയും ഇടയിലൂടെ ധോണിയുടെ ഷോട്ടുകള്‍ മിന്നല്‍പോലെയാണ് കടന്നുപോകാറ്. അതിനാല്‍ ധോണി ബാറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് അംപയറും നോണ്‍ സ്‌ട്രൈക്കറും നിലയുറപ്പിക്കുക. 

ശ്രീലങ്കക്കെതിരായ ആദ്യ ട്വന്‍റി20 മത്സരത്തില്‍ ധോണിയടിച്ച ഷോട്ടില്‍ ഒരു നിമിഷം സഹതാരം കെ.എല്‍ രാഹുല്‍ സ്തംബ്ധനായി. മത്സരത്തില്‍ അഖില ധനഞ്ജയുടെ 13-ാംമത്തെ ഓവറിലായിരുന്നു സംഭവം. ധോണിയുടെ പവര്‍ ഹിറ്റ് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് രാഹുലിന്‍റെ കാലില്‍ തട്ടാതെ കടന്നുപോയത്. മുന്നോട്ട് കയറി പന്ത് അതിര്‍ത്തി കടത്താന്‍ ധോണി സ്വതസിദ്ധമായ ശൈലിയില്‍ ശ്രമിച്ചു.

എന്നാല്‍ പന്തിന്‍റെ ദിശ മനസിലാക്കി രാഹുല്‍ കൃത്യസമയത്ത് ചാടിയുയര്‍ന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അല്ലായിരുന്നെങ്കില്‍ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടി ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ച രാഹുലിന്‍റെ ഇന്നിംഗ്സിന് അത് ഭീഷണിയായേനെ. മത്സരത്തില്‍ രാഹുല്‍ 48 പന്തില്‍ 61 റണ്‍സും ധോണി 22 പന്തില്‍ 39 റണ്‍സുമെടുത്തു.

http://www.bcci.tv/videos/id/5907/ms-dhonis-bullet-that-got-rahul-almost