ദില്ലി: വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിലെ ഒറ്റ ഇന്നിംഗ്സിലൂടെ ഹര്‍മന്‍പ്രീത് കൗര്‍ വനിതാ ക്രിക്കറ്റിന് ഇന്ത്യയില്‍ പുതിയ മേല്‍വിലാസമാണ് എഴുതിചേര്‍ത്തതെങ്കില്‍ ഹര്‍മന്‍പ്രീതിന്റെ തലവര മാറ്റിയത് ലോകകപ്പിനിടെ ലഭിച്ച ഒരു സന്ദേശമായിരുന്നു. തന്റെ ഗുരുവും മാര്‍ഗദര്‍ശിയുമായ മുന്‍ ഇന്ത്യന്‍ താരം ഡയാന എഡുല്‍ജി അയച്ച ആ സന്ദേശത്തോടെയാണ് കളിയാകെ മാറിയതെന്ന് ഹര്‍മന്‍പ്രീത് തന്നെ പറയുന്നു.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് തൊട്ടുമുമ്പായിരുന്നു ഡയാന ഹര്‍മന് സന്ദേശമയച്ചത്. നീ എന്തിനാണ് ഇംഗ്ലണ്ടില്‍ പോയത്, ടീമിനായി എന്താണ് ചെയ്യുന്നത് എന്നായിരുന്നു ഡയാന ഹര്‍മനോട് ചോദിച്ചത്. ആദ്യം ആ സന്ദേശത്തിന് മറുപടിയൊന്നും നല്‍കാന്‍ താന്‍ തയാറായില്ലെന്ന് ഹര്‍മന്‍ പറഞ്ഞു. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം ഡയാന എന്തുകൊണ്ടാണ് മറുപടി നല്‍കാത്തതെന്ന് ചോദിചച് വീണ്ടും സന്ദേശമയച്ചു. അതിന് ഞാന്‍ മറുപടി നല്‍കി. കാത്തിരിക്കു... ലോകകപ്പുമായി ഞങ്ങള്‍ മടങ്ങിവരും. എന്നാല്‍ ആദ്യം നീ ഒരു ഫിഫ്റ്റി അടിക്കെന്നായിരുന്നു ഡയാന ഹര്‍മനോട് ആവശ്യപ്പെട്ടത്.

ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ ഹര്‍മന്‍ ഫിഫ്റ്റി അടിക്കുകയും ചെയ്തു. എന്നാല്‍ ഓസീസിനെതിരായ സെമിഫൈനലിന് മുമ്പ് ഇനി എന്താണെന്ന് ചോദിച്ച് ഡയാന വീണ്ടും ഹര്‍മന് സന്ദേശമയച്ചു. ടീമിനായി പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു ഹര്‍മന്റെ മറുപടി. ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് ഇന്നിംഗ്സിനുശേഷം ഡയാന ഹര്‍മനെ അഭിനന്ദിച്ച് സന്ദേശമയച്ചു.

ഹര്‍മന്റെ പ്രകടനത്തില്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും ഡയാന വ്യക്തമാക്കി. എന്നാല്‍ അതിന് താന്‍ മറുപടി നല്‍കിയില്ലെന്ന് ഹര്‍മന്‍ പറഞ്ഞു. ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം ഏത് ചടങ്ങില്‍പ്പോയാലും നേടാന്‍ കഴിയാതെ പോയ ആ ഒമ്പത് റണ്‍സ് തന്നെ വേട്ടയാടാറുണ്ടെന്നും അത് താന്‍ നേടണമായിരുന്നുവെന്നും ഹര്‍മന്‍ പറഞ്ഞു.

ഡയാനയുടെ സന്ദേശം ലഭിക്കുന്നതുവരെ ആറ് കളികളില്‍ നിന്ന് 77 റണ്‍സ് മാത്രമെടുത്തിരുന്ന ഹര്‍മന്‍പ്രീത് അതിനുശേഷം മൂന്ന് കളികളില്‍ അടിച്ചെടുത്തത് 282 റണ്‍സായിരുന്നു. ഓസ്ട്രേലിയക്കെതിരായ സെമിയില്‍ നേടിയ 171 റണ്‍സും ഇതില്‍ ഉള്‍പ്പെടുന്നു.